Uae
സൗഹൃദത്തിന്റെ വോളിബോൾ വിസ്മയം തീർത്ത് വൈസ് പ്രസിഡന്റ്
അബൂദബി സമ്മർ സ്‌പോർട്‌സ് എന്ന പരിപാടിയിലാണ് ശൈഖ് മൻസൂർ പങ്കെടുത്തത്.

അബൂദബി|അബൂദബിയിൽ ഭരണാധികാരിയുടെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു വേനൽക്കാല കാഴ്ച. യു എ ഇയുടെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ നാട്ടുകാർക്കൊപ്പം വോളിബോൾ കളിക്കുന്ന ദൃശ്യം ഹൃദയസ്പർശിയായി മാറി. രാജകുടുംബത്തിന്റെ എളിമയും സാധാരണക്കാരോടുള്ള അവരുടെ അടുപ്പവും ഒരിക്കൽ കൂടി പ്രകടമായ നിമിഷങ്ങളായിരുന്നു അത്.
“അബൂദബി സമ്മർ സ്‌പോർട്‌സ്’ എന്ന പരിപാടിയിലാണ് ശൈഖ് മൻസൂർ പങ്കെടുത്തത്. സംഘാടകരോട് സംവദിക്കുകയും കായിക സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്ത അദ്ദേഹം, കളിക്കളത്തിൽ സഹകളിക്കാരോടൊപ്പം ചേർന്ന് വോളിബോൾ കളിക്കുകയായിരുന്നു.
കായികരംഗത്തിന് വലിയ പ്രോത്സാഹനം നൽകുന്നവർ കൂടിയാണ് യു എ ഇയുടെ നേതൃത്വം. നേതാക്കളുടെ സജീവമായ പങ്കാളിത്തത്തിലൂടെ കൂടുതൽ ഊർജം നേടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം അബൂദബിയിലെ വേനൽക്കാല സ്‌പോർട്‌സ് പരിപാടിയിൽ ദൃശ്യമായത്.