National
ധര്‍മസ്ഥലയിലെ കൂട്ടബലാത്സംഗ, കൊലപാതക ആരോപണം; എസ് ഐ ടി രൂപവത്കരിക്കുന്നത് പരിശോധിക്കുമെന്ന് സിദ്ധരാമയ്യ
സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി പോലീസ് റിപോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിഗണിക്കും.

ബെംഗളൂരു | ദക്ഷിണ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചുവെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപവത്കരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി പോലീസ് റിപോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം അഭിഭാഷകര്‍ എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ്, പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്‌കരിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇക്കാര്യം ധര്‍മ്മസ്ഥല പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ അറിയിച്ചത്.
കൊലപാതകങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും ധര്‍മസ്ഥല ക്ഷേത്രത്തില്‍ 1995-2014 കാലത്ത് ജോലി ചെയ്തയാള്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ അന്വേഷവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്തുവര്‍ഷത്തോളം ഒളിവിലായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം ബെല്‍ത്തങ്ങാടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.