Connect with us

Kerala

സമസ്ത നൂറാം വാർഷിക വിളംബര സമ്മേളനം തുടങ്ങി; ജനസാഗരമായി ബഹറുൽ ഉലൂം നഗർ

വിദ്യാഭ്യാസ, സാംസ്‌കാരിക, ധാർമികരംഗങ്ങളിലെ അഭിവൃദ്ധി ലക്ഷ്യംവെക്കുന്ന വൈവിധ്യമാർന്ന പ്രഖ്യാപനങ്ങൾക്ക് ഗുരുനാഥരുടെ ഗുരുവായ ഒ കെ ഉസ്താദിന്റെ നാമധേയത്തിലുള്ള വേദി സാക്ഷ്യം വഹിക്കും.

Published

|

Last Updated

സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകൾ മുന്നേ നിറഞ്ഞ നഗരി

കോഴിക്കോട് | സമൂഹത്തെ സാംസ്‌കാരികമായി സമുദ്ധരിച്ച സമസ്തയുടെ ധന്യതയാർന്ന നൂറ് പ്രകാശ വർഷങ്ങളുടെ നിറവിൽ കോട്ടക്കലിൽ ഇന്ന് അത്യുജ്ജ്വല വിളംബര സമ്മേളനം. കർമവീഥിയിൽ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ ആദർശപ്രസ്ഥാനത്തിന് നെടുനായകത്വം വഹിക്കുന്ന പണ്ഡിതസഭയുടെ പ്രഖ്യാപനങ്ങൾക്ക് കാതോർക്കാൻ ബഹ്‌റുൽ ഉലൂം നഗരിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. നൂറ്റാണ്ടിന്റെ ധാർമിക സമരഭൂമിയിൽ ആദർശം പണയം വെക്കാതെ അചഞ്ചലമായി മുന്നേറിയതിന്റെ കരുത്തോടെയാണ് നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നത്. സമസ്തയുടെ വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന മഹാവിളംബരമാകുമത്.

വിദ്യാഭ്യാസ, സാംസ്‌കാരിക, ധാർമികരംഗങ്ങളിലെ അഭിവൃദ്ധി ലക്ഷ്യംവെക്കുന്ന വൈവിധ്യമാർന്ന പ്രഖ്യാപനങ്ങൾക്ക് ഗുരുനാഥരുടെ ഗുരുവായ ഒ കെ ഉസ്താദിന്റെ നാമധേയത്തിലുള്ള വേദി സാക്ഷ്യം വഹിക്കും. സാംസ്‌കാരിക സമൂഹത്തെ നാളെയിലേക്ക് വഴി നടത്തുന്ന നിലപാടുകളും മഹാസമ്മേളനത്തിൽ മുഴങ്ങിക്കേൾക്കും. പണ്ഡിതന്മാരുടെയും നൂറുകണക്കിന് സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ സെന്റിനറി സമാപന സമ്മേളനദിവസവും സ്ഥലവും നഗരിയും പ്രഖ്യാപിക്കും. ഈ ധന്യ മുഹൂർത്തത്തിന് സാക്ഷികളാകാൻ പ്രാസ്ഥാനിക പ്രവർത്തകർ വൈകിട്ടോടെ സമ്മേളന നഗരിയിലേക്ക് നിലക്കാത്ത പ്രവാഹമായി ഒഴുകുകയാണ്.

വിപുലമായ ആഘോഷ പരിപാടികളാണ് നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 2023 ഡിസംബർ 30ന് കാസർകോട് നടത്തിയ ആഘോഷങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ പിന്തുടർച്ചയാണ് ഇന്നത്തെ മഹാപ്രഖ്യാപന സമ്മേളനം. ഇതിന്റെ ഭാഗമായി 2024ൽ സംഘടിപ്പിച്ച എസ് വൈ എസ് യുവജന സമ്മേളനവും അനുബന്ധ പരിപാടികളും വൻ വിജയമായി. 2025ൽ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച “കേരള യാത്ര’ ഉൾപ്പെടെ കർമപദ്ധതികളും ജനശ്രദ്ധ നേടി. വിളംബര സമ്മേളനത്തിന്റെ മുന്നോടിയായി പവിത്ര പതാക വാനിലുയർത്തി.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയോടെ സമ്മേളനം തുടങ്ങി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്നു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.

സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ പ്രസംഗിക്കും.

Latest