Connect with us

Editors Pick

സൂക്ഷിക്കുക! സാലറി കാൽക്കുലേറ്റർ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; കേന്ദ്ര ജീവനക്കാരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

പുതുക്കിയ ശമ്പളം എത്രയെന്ന് കണക്കാക്കാം എന്ന വ്യാജേന അയക്കുന്ന വാട്സാപ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ, കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു. പുതുക്കിയ ശമ്പളം എത്രയെന്ന് കണക്കാക്കാം എന്ന വ്യാജേന അയക്കുന്ന വാട്സാപ് സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ വിഭാഗമായ ‘സൈബർ ദോസ്ത്’ (Cyber Dost) ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

‘സാലറി കാൽക്കുലേറ്റർ’ (Salary Calculator) എന്ന പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. എട്ടാം ശമ്പള കമ്മീഷൻ പ്രകാരം നിങ്ങളുടെ പുതുക്കിയ ശമ്പളം അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക എന്നായിരിക്കും സന്ദേശം. ഇതിനൊപ്പം ‘8th CPC Salary Calculator’ എന്ന പേരിൽ ഒരു എ പി കെ (.APK) ഫയലും നൽകുന്നു.

ഉപയോക്താക്കൾ ഈ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം സൈബർ കുറ്റവാളികൾക്ക് ലഭിക്കും. ഇതുവഴി ബാങ്ക് വിവരങ്ങൾ, എസ് എം എസുകൾ, ഒ ടി പികൾ എന്നിവ ചോർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ ഒരിക്കലും ഔദ്യോഗിക വിവരങ്ങൾ വാട്സാപ് വഴിയോ എ പി കെ ഫയലുകളായോ അയക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അപരിചിതമായ സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Latest