Kerala
ആര്‍ എസ് എസ് നേതാവിന് വേടന്റെ മറുപടി; വിശ്വാസം അംബേദ്കര്‍ പൊളിറ്റിക്സിൽ
ജാതി ഭീകരത പരാമര്‍ശമൊക്കെ കോമഡിയല്ലേ എന്ന് പരിഹാസം

കൊച്ചി | ആര്‍ എസ് എസ് നേതാവിന് മറുപടിയുമായി റാപ്പര്‍ വേടന്‍. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന ആര്‍ എസ് എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിന്റെ പരാമര്‍ശമശത്തിനാണ് വേടന്‍ മറുപടി നല്‍കിയത്. സര്‍വ ജീവികള്‍ക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് വേടന്‍ വ്യക്തമാക്കി.
ജാതി ഭീകരത പരാമര്‍ശമൊക്കെ കോമഡിയല്ലേ എന്നായിരുന്നു വേടന്റെ പ്രതികരണം. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പറയുന്നത് എന്നറിയില്ല. നമ്മള്‍ പ്രവര്‍ത്തിക്കുന്നത് എവിടെയോ ആളുകള്‍ക്ക് കിട്ടുന്നുണ്ട് എന്നതുകൊണ്ടാവാം, നല്ല രീതിയിലാണ് ഇത്തരം വിമര്‍ശനങ്ങളെ കാണുന്നത്. ഇനിയും അമ്പലങ്ങളുടെ ഷോ കിട്ടും. ഇനിയും പോയി പാടുകയും ചെയ്യും. വിവാദങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പേടിയായ പോലെയാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം പറയാന്‍ പറ്റില്ല. ഈ സമയവും കടന്നുപോകുമെന്നും വേടന്‍ പറഞ്ഞു.
പുലിപ്പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടനാട് വനംവകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.