vd satheesan
ഷൂ ഏറ് വൈകാരിക പ്രകടനമെന്നു വി ഡി സതീശന്‍; ഷൂ ഏറ് തുടരില്ലെന്നു കെ എസ് യു
വൈകാരിക പ്രകടനം ഒരു സമര മാര്‍ഗമല്ലെന്നു അലോഷ്യസ് സേവിയര്‍

തിരുവനന്തപുരം | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ സംഭവം വൈകാരിക പ്രകടനം മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷൂ എറിഞ്ഞതിനെ പ്രോത്സാഹിപ്പിക്കില്ല. കെ എസ് യു ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വൈകാരിക പ്രകടനങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്എന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടലാസുപോലും ചുരുട്ടി എറിയരുത് എന്നാണു ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ആരാന്റെ മക്കളെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുന്നതു കണ്ടു സന്തോഷിക്കുന്ന സാഡിറ്റാണു മുഖ്യമന്ത്രി. തങ്ങളുടെ പ്രവര്‍ത്തകരെ കേരളത്തിലെ റോഡില്‍ ചവിട്ടിക്കൂട്ടുന്നതിലുള്ള വൈകാരിക പ്രകടനമായാണ് ഷൂ എറിഞ്ഞത്. ഇതിന്റെ പേരില്‍ വധ ശ്രമ കേസെടുത്തു എന്നു കേട്ടവര്‍ ചിരിക്കും. കരിങ്കൊടി പ്രതിഷേധം പാടില്ല എന്നതു സ്റ്റാലിന്റെ നിലപാടാണ്. പിണറായി സ്റ്റാലിന്‍ ചമയേണ്ട.
പിണറായിയെ പോലെ ക്രൂരനായ ഒരാളാണു മുഖ്യമന്ത്രി കസാരയില്‍ ഇരിക്കുന്നത് എന്നത് അപമാനകരമാണ്. വിചാരണ സദസ്സ് നടത്ത് സര്‍ക്കാറിനെ വിചാരണ ചെയ്യുകയാണ്. കേരളം മുടിഞ്ഞ തറവാടാക്കി മാറ്റി. മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം തലസ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നു. ട്രഷറി പൂട്ടിയിരിക്കുന്നു. വിചിത്രമായ അവസ്ഥയാണു കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സിനു നേരെയുള്ള ഷൂ എറിയല്‍ സമരം തുടരില്ലെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു. വൈകാരിക പ്രകടനം ഒരു സമര മാര്‍ഗമല്ല. സംസ്ഥാന വ്യാപകമായി ഇതു ചെയ്യും എന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല.