Connect with us

Kerala

വി മുരളീധരനെ പുകഴ്ത്തി പി വി അബ്ദുല്‍ വഹാബ്; വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

മുരളീധരന്റെ കേരളത്തിനെതിരായ പരാമര്‍ശങ്ങളില്‍ വാസ്തവമുണ്ടെന്ന്‌ അബ്ദുല്‍ വഹാബ് എം പി.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്‌ലിം ലീഗ് എം പി. പി വി അബ്ദുല്‍ വഹാബ്. വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാല്‍, കേരളത്തില്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കും. മുരളീധരന്റെ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും ലീഗ് എം പി പറഞ്ഞു.

ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുസ്‌ലിം ലീഗിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി പി വി അബ്ദുല്‍ വഹാബ് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവിനെ പാര്‍ലിമെന്റിനുള്ളില്‍ പ്രശംസിക്കുന്നത് സാമുദായികമായും രാഷ്ട്രീയമായും മുസ്‌ലിം ലീഗിന് കടുത്ത ക്ഷീണം ചെയ്യും. അടുത്തിടെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തിയപ്പോള്‍ അതിനെതിരെ രംഗത്തെത്തിയ നേതാവ് കൂടിയാണ് വി മുരളീധരന്‍.

സി പി എം നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയിരുന്നത്. കേരളത്തിലെ ഇടതു മുന്നണി നേതാക്കളുടെ പ്രസ്താവനകള്‍ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടല്‍ മാത്രമാണ്. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയാക്കേണ്ടപ്പോള്‍ അങ്ങനെയും അല്ലാത്തപ്പോള്‍ മറിച്ചും ചിത്രീകരിക്കുന്നവരാണ് സി പി എമ്മുകാര്‍ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി മാത്രം വിശേഷിപ്പിക്കുന്ന ബി ജെ പി നേതാവിനെയാണ് രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് പ്രശംസിച്ചിരിക്കുന്നത്. ഇത് പാര്‍ലിമെന്റില്‍ രേഖയായി കിടക്കുമെന്നതാണ് മുസ്‌ലിം ലീഗിനെ വെട്ടിലാക്കുന്ന മറ്റൊരു കാര്യം.

കേരള വികസനത്തിന് ഇടങ്കോലിടുകയാണ് മുരളീധരന്റെ ഏക അജന്‍ഡ: ബ്രിട്ടാസ്
മുരളീധരന്റെ ഏക അജന്‍ഡ കേരള വികസനത്തിന് ഇടങ്കോലിടുക എന്നത് മാത്രമാണെന്ന് സി പി എം എം പി. ജോണ്‍ ബ്രിട്ടാസ്. രാജ്യസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ പ്രസംഗം പോലും ക്ഷമയോടെ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ വാര്‍ഷികങ്ങളും ആഘോഷിക്കുന്നുണ്ട്. വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാല്‍, നോട്ടു പിന്‍വലിക്കലിന്റെ വാര്‍ഷികം ബി ജെ പി നേതാക്കള്‍ ആരും ഓര്‍ക്കുന്നില്ല. നോട്ട് പിന്‍വലിച്ചത് അവര്‍ മറന്നുപോയോയെന്നും ബ്രിട്ടാസ് പരിഹസിച്ചു. നോട്ട് പിന്‍വലിക്കുമ്പോള്‍ എന്തൊക്കെ അവകാശവാദങ്ങളാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും നടത്തിയിരുന്നത്. കള്ളപ്പണം ഇല്ലാതാകും, ഡിജിറ്റല്‍ പണം വരും, ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്ലാസ്റ്റിക് കറന്‍സി ഉപയോഗിക്കാനാകും എന്നൊക്കെയായിരുന്നു. കേരളത്തില്‍ ഒരു ബി ജെ പി നേതാവ് പറഞ്ഞത്, നാലു ലക്ഷം കോടിയെങ്കിലും മെച്ചമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ്. 2016 നവംബര്‍ നാലിന് 17.74 ലക്ഷം കോടിയായിരുന്നു പ്രചാരത്തിലുള്ള പണത്തിന്റെ മൂല്യം. 29.17 ലക്ഷം കോടിയാണ് ഇപ്പോഴത്തേതിന്റെ മൂല്യം. എന്തു നേട്ടമാണ് ഉണ്ടായത്?

രാജ്യത്ത് ഒരു ഫെഡറല്‍ സര്‍ക്കാറില്ല. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ദിവസം തോറും കവര്‍ന്നെടുക്കുന്നു. 2021-22ല്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച സര്‍ച്ചാര്‍ജും സെസും 7.06 ലക്ഷം കോടിയാണ്. 10 കൊല്ലം മുമ്പ് ഇത് ഏതാണ്ട് 49,000 കോടി മാത്രമായിരുന്നു. 1500 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായത്. സംസ്ഥാനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്രം തയ്യാറല്ല. ധന കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പായില്ല. സര്‍ച്ചാര്‍ജും സെസും കേന്ദ്ര പദ്ധതികളിലൂടെ തിരിച്ചുതരും എന്നാണ് പറയുന്നത്.

ഡല്‍ഹിയിലിരുന്ന് സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ ഉണ്ടാക്കുന്നു. മിക്ക കേന്ദ്ര പദ്ധതികളും ബി ജെ പി നേതാക്കളെ വാഴ്ത്താനുള്ളതാണ്. അത് സംസ്ഥാനങ്ങള്‍ക്ക് അത്യാവശ്യമില്ല. സംസ്ഥാനങ്ങള്‍ക്കു പണം കൊടുക്കുക. പദ്ധതികള്‍ സംസ്ഥാനങ്ങള്‍ ഉണ്ടാക്കും. നടപ്പാക്കും. ഈ രാജ്യം ശരിയായ ഫെഡറേഷന്‍ ആകാന്‍ അത് ആവശ്യമാണ്. അംബേദ്കര്‍ പറഞ്ഞത് സംസ്ഥാനങ്ങളും കേന്ദ്രവും ഭരണഘടനയുടെ നിര്‍മിതികളാണെന്നാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest