Connect with us

International

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഒമാനിൽ

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

Published

|

Last Updated

മസ്‌കത്ത്| ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയെവ് ഒമാനിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് അദ്ദേഹം മസ്‌കത്തിലെത്തിയത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

അല്‍ ആലം കൊട്ടാരത്തില്‍ സുല്‍ത്താനും ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങള്‍ക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായി. സന്ദര്‍ശനത്തിന്റെ ഭാഗമായി മസ്‌കത്തില്‍ നടക്കുന്ന വിവിധ ഉന്നതതല യോഗങ്ങളിലും ഷൗക്കത്ത് മിര്‍സിയോയെവ് പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വ്യാപാരം, നിക്ഷേപം, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും വിനോദസഞ്ചാര, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ചര്‍ച്ചകളില്‍ മുന്‍ഗണന നല്‍കും.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികളും കരാറുകളും ഉള്‍പ്പെടുന്ന 30 ഓളം ധാരണാപത്രങ്ങളിലും മറ്റ് രേഖകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്‌ബെക്കിസ്ഥാന്‍ നിക്ഷേപ, വ്യവസായ, വ്യാപാര മന്ത്രി ലസിസ് കുദ്രതോവിനെ ഉദ്ധരിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Content Highlights:Uzbekistan President Shavkat Mirziyoyev arrived in Muscat for a two-day official visit at the invitation of Sultan Haitham bin Tariq. Following talks at Al Alam Palace, both nations aim to boost trade, investment, and tourism. Around 30 agreements worth $5 billion are expected to be signed during the tour.

Latest