Connect with us

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണ്ണന്തല രഞ്ജിത് വധക്കേസ്: എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

Published

|

Last Updated

തിരുവനന്തപുരം|മണ്ണന്തല രഞ്ജിത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില്‍ ഒരാള്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. 2008 ഒക്ടബോര്‍ 17ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

കോട്ടമുകളിലെ ബേക്കറിയില്‍ രഞ്ജിത്ത് നില്‍ക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ ആക്രമണം നടത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേര്‍ത്തിരുന്നു. വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന പൊലീസുകാര്‍ കൂറുമാറിയിരുന്നു.

മണ്ണന്തല രഞ്ജിത് വധക്കേസ് വിധിക്ക് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതികളുമായി പൊലീസ് വാഹനം പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിനിടെ, ബസിലുണ്ടായിരുന്ന പ്രതികളും തിരികെ ആക്രോശിച്ചു. ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. സ്ഥലത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തിയിട്ടുണ്ട്.

Content Highlights: Thiruvananthapuram Additional Sessions Court has found 11 accused guilty in the 2008 murder of RSS worker Mannanthala Ranjith. Following the verdict, minor scuffles and tense arguments broke out outside the Vanchiyoor court between BJP activists, CPM workers, and the police. Additional police forces have been deployed to the area to maintain law and order.

 

Latest