UTHARPRADESH
കര്‍സേവകര്‍ക്ക് എതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടവര്‍ക്ക് ബ്രാഹ്‌മണര്‍ വോട്ട് ചെയ്യില്ലെന്ന് യു പി ഉപമുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷത്തുള്ളവര്‍ കര്‍ഷകരായി വേഷം കെട്ടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു
ലഖ്‌നൗ | സമരത്തിലുള്ള കര്‍ഷകരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാറിന് നിലവില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഭീഷണികള്‍ ഒന്നുമില്ലെന്ന് യു പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷത്തുള്ളവര്‍ കര്‍ഷകരായി വേഷം കെട്ടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ എടുത്ത കര്‍ഷക അനുകൂല നടപടികളില്‍ അവര്‍ തൃപ്തരാണ്. കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക എല്ലാം അടച്ചു തീര്‍ത്തു. അവരുടെ ഉന്നതിക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. കര്‍ഷകര്‍ നമ്മുടെ അന്ന ദാതാക്കളാണ്. അവരുടെ ഉന്നതിക്കായി കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ കര്‍ഷക സമരങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ ബി ജെ പി നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കര്‍സേവകര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടവര്‍ക്കും ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയതവര്‍ക്കും ഉത്തര്‍പ്രദേശിലെ ബ്രാഹ്‌മണര്‍ വോട്ട് ചെയ്യില്ലെന്നും അവര്‍ ബി ജെ പിക്ക് മാത്രമേ വോട്ട് ചെയ്യൂവെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു. യോഗി ഭരണത്തില്‍ ബ്രാഹ്‌മണര്‍ അസന്തുഷ്ടരാണ് എന്ന പ്രചാരണം പ്രതിപക്ഷത്തുള്ളവരുടെ തെറ്റിദ്ധാരണ ആണെന്നും യു പി ഉപമുഖ്യമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



