Connect with us

National

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍; ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

റൂബിയോയുടെ കാര്യപരിപാടികള്‍ സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല

Published

|

Last Updated

കൊല്‍ക്കത്ത | നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഡല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സ് പോസ്റ്റില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരം പങ്കുവെച്ചിട്ടുണ്ട്.

റൂബിയോയുടെ കൊല്‍ക്കത്തിയിലെ കാര്യപരിപാടികള്‍ സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയോഗിതനായ ശേഷം ആദ്യമായാണ് മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തുന്നത്. 14 വര്‍ഷത്തിനിടെ കൊല്‍ക്കത്തില്‍ എത്തുന്ന ആദ്യ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് റൂബിയോ. 2012ല്‍ ഹിലാരി ക്ലിന്റനാണ് ഇവിടെ ഒടുവില്‍ എത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി.
മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദര്‍ ഹൗസില്‍ മാര്‍ക്കോ റൂബിയോ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശത്തിനിടെ ആഗ്രയും ജയ്പൂരും മാര്‍ക്കോ റൂബിയോ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വ്യാപാരം സാങ്കേതിക വിദ്യ, പ്രതിരോധം, ക്വാഡ് അടക്കം നിരവധി വിഷയങ്ങള്‍ വരു ദിവസങ്ങളില്‍ ചര്‍ച്ചാകുമെന്നും ഈ വിഷയങ്ങളില്‍ പുരോഗതി ഉണ്ടാകുമെന്നും ഗോര്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ വെച്ച് മെയ് 26ന് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുകയാണ് മാര്‍ക്കോ റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട അജണ്ട.

ഊര്‍ജ്ജ സഹകരണവുമായി ബന്ധപ്പെട്ട് ക്വാഡ് രാജ്യങ്ങള്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്താനിരിക്കെ മാര്‍ക്കോ റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വലിയ പ്രധാന്യമുണ്ട്. ഇന്ത്യയുമായുള്ള ഊര്‍ജ്ജ കയറ്റുമതി വികസിപ്പിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ആസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മോട്ടേഗി എന്നിവരും മാര്‍ക്കോ റൂബിയോയ്‌ക്കൊപ്പം ക്വാഡ് യോഗത്തില്‍ പങ്കെടുക്കും. പ്രാദേശിക സുരക്ഷ, തന്ത്രപരമായ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാവും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന മാര്‍ക്കോ റൂബിയോയെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ സ്വീകരിച്ചു.

 

Latest