Connect with us

National

മഹാരാഷ്ട്രയില്‍ നാല് സ്ത്രീകള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാന്‍ കാട്ടില്‍ കയറിയ സംഗീത ചൗധരി (50), കൗദാബായ് മോഹുര്‍ലെ (45), അനുബായ് മോഹുര്‍ലെ (40), സുനിത മോഹുര്‍ലെ (38) എന്നിവരാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ വനത്തില്‍ കയറിയ നാല് സ്ത്രീകള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാന്‍ കാട്ടില്‍ കയറിയ സംഗീത ചൗധരി (50), കൗദാബായ് മോഹുര്‍ലെ (45), അനുബായ് മോഹുര്‍ലെ (40), സുനിത മോഹുര്‍ലെ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംസ്ഥാന വനംവകുപ്പ് അറിയിച്ചു.

പെണ്‍കടുവയും കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍ എം രാമാനുജം പറഞ്ഞു. ചന്ദ്രപൂര്‍ ജില്ലയിലെ ഗുഞ്‌ജേവാഹി ഗ്രാമത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ വെച്ചായിരുന്നു ആക്രമണം. ചന്ദ്രപൂര്‍ ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴാമത്തെ കടുവ ആക്രമണമാണിത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ബീഡി നിര്‍മ്മാണത്തിനുള്ള ഇലകള്‍ കാട്ടില്‍ നിന്നും ശേഖരിക്കാറുള്ളത്. ബ്രഹ്മപുരി ഡിവിഷനോട് ചേര്‍ന്നുള്ള ഈ വനഭാഗത്ത് കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ തല്‍ക്കാലം വനത്തില്‍ പ്രവേശിക്കരുതെന്ന് ഗ്രാമീണര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചു. മെയ് 14-ന് സ്ത്രീകള്‍ വനത്തില്‍ കയറിയപ്പോള്‍ വനം വകുപ്പിന്റെ പട്രോളിംഗ് സംഘം ഇവരെ തടയുകയും തിരികെ പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. ആക്രമിച്ച കടുവക്കുട്ടികള്‍ക്ക് രണ്ട് വയസ്സിലധികം പ്രായമുണ്ട്.

അമ്മയില്‍ നിന്ന് വേര്‍പിരിയാന്‍ നില്‍ക്കുന്ന ഈ പ്രായത്തില്‍ കടുവകള്‍ കൂടുതല്‍ ആക്രമണകാരികളും അപകടകാരികളും ആണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വനം വകുപ്പ് 25,000 രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിനായി മൂന്ന് നിരീക്ഷണ ക്യാമറകളും 30 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വനത്തില്‍ പ്രവേശിച്ച് ബീഡി ഇലകള്‍ ശേഖരിക്കുന്നതിന് താല്‍ക്കാലികമായി വിലക്കും ഏര്‍പ്പെടുത്തി. വേനല്‍ക്കാലത്ത് മാത്രമാണ് തങ്ങള്‍ക്ക് ഈ ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് തന്നെ വനത്തില്‍ പോകാതിരിക്കാന്‍ കഴിയില്ലെന്നും ഗ്രാമീണര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിനായി വലിയ തോതില്‍ വനഭൂമി വിട്ടുനല്‍കിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിച്ചുവെന്നും ഇതാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ രാം ധോത്രെ പറഞ്ഞു.

 

 

Latest