Kerala
ആശുപത്രി ഭരണത്തില്‍ അടിയന്തിര പരിഷ്‌കാരം വേണം: ഡോ. ബി ഇഖ്ബാല്‍
ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്നതും ആശുപത്രി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല എന്നതും ഗുരുതരമായ പ്രശ്നമാണ്

തിരുവനന്തപുരം | ആശുപത്രി ഭരണത്തില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ബി ഇഖ്ബാല്‍. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവണം.
സ്ഥാപന മേധാവികള്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍ ഇഖ്ബാല്‍ മുന്നോട്ടുവയ്ക്കുന്നത്. ആശുപത്രി സേവന മേഖലകള്‍ എല്ലാം ആധുനികവല്‍ക്കരിക്കണമെന്നും ഫേസ് ബുക് പോസ്റ്റില്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്നും ആശുപത്രി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല എന്നതും ഗുരുതരമായ പ്രശ്നമാണെന്നും ഡോ. ഇഖ്ബാല്‍ വിശദമാക്കുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ആരോഗ്യമാനദണ്ഡങ്ങളില്‍ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങള്‍ കൈവരിച്ചതില്‍ കേരളത്തിന് അഭിമാനിക്കാം. സാര്‍വദേശീയ തലത്തില്‍ പോലും ശ്രദ്ധേയമായ പുരോഗതിയാണ് കേരളം ഈ രംഗത്ത് രേഖപ്പെടുത്തിയത്. വികസിത രാജ്യങ്ങളിലെ പൊതുജനാരോഗ്യ സൂചികകള്‍ക്ക് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു.
ഈ നേട്ടങ്ങളില്‍ ആഹ്ലാദിക്കുമ്പോഴും, കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ കണക്കിലെടുക്കേണ്ടതുണ്ട്. വര്‍ധിച്ചുവരുന്ന പകര്‍ച്ച -പകര്‍ച്ചേതര, മാനസിക രോഗങ്ങള്‍, വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ നേരിടുന്ന സവിശേഷ ആരോഗ്യപ്രതിസന്ധികള്‍ എന്നിവയെല്ലാം ഇന്ന് വലിയ വെല്ലുവിളികളാണ്. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും, ജനങ്ങള്‍ നേരിട്ട് മുടക്കുന്ന സ്വകാര്യ ആരോഗ്യചെലവിലുണ്ടായ (Out of Pocket Health Expenditure) വര്‍ധന ഒരു പ്രധാന പ്രതിസന്ധിയായി തുടരുന്നു.
കേരളം കൈവരിച്ച നേട്ടങ്ങളെ ഒട്ടും കുറച്ചുകാണാതെ തന്നെ, ഈ പ്രതിസന്ധികളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഭാവിയിലേക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. ഈയിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുണ്ടായ വിവാദം ഇതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഒരു ശസ്ത്രക്രിയാ വിഭാഗത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ സമയത്തിന് ലഭിക്കാത്തതുകൊണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നവര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ സമാനസ്വഭാവമുള്ള ഒരു സംഭവം അടുത്തകാലത്ത് നടന്നത് എന്തുകൊണ്ട് വിസ്മരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
ജൂണ്‍ ആദ്യം ഉപകരണങ്ങളുടെ ക്ഷാമം കാരണം നിരവധി ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതോടെ, ഒട്ടനവധി വകുപ്പ് മേധാവികള്‍ ഡയറക്ടര്‍ക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെയാണ് ശ്രീചിത്രയിലെ പ്രതിസന്ധി പുറത്തുവന്നത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടക്കുന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തെ ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായി ബാധിച്ചു. പത്തോളം ശസ്ത്രക്രിയകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. പുറം കരാറുകള്‍ നല്‍കിയാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് പുതുക്കിയിട്ടില്ലായിരുന്നു. ശ്രീചിത്രയിലെ പര്‍ച്ചേസ് വിഭാഗത്തിനായിരുന്നു ഇതിന്റെ ചുമതല.
പിന്നീട് വിവിധ സംഘടനകള്‍ സമരത്തിനിറങ്ങുകയും രാഷ്ട്രീയ നേതാക്കള്‍ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്‌നം ഒരുവിധം പരിഹരിച്ച് ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചത്.
മറ്റ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കാര്യത്തിലെന്ന പോലെ, ആരോഗ്യമേഖലയും കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി വലിയ കുതിച്ചുചാട്ടത്തിന് വിധേയമായിരിക്കുകയാണ്. രോഗനിര്‍ണയ ഉപാധികളും ശസ്ത്രക്രിയാ ഉപകരണങ്ങളും വമ്പിച്ച നവീകരണത്തിന്റെ പാതയിലാണ്.
സ്വകാര്യമേഖലയിലുള്ളതുപോലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പലതിലും ഇപ്പോള്‍ ലഭ്യമാണ്. നമ്മുടെ മൂന്ന് മെഡിക്കല്‍ കോളേജുകളും (തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം), എറണാകുളം, പാലക്കാട് പോലുള്ള ജില്ലാ ആശുപത്രികളും ഏതൊരു സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കാവുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും മറ്റും ചികിത്സാസൗകര്യങ്ങള്‍ വിപുലീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തതിനനുസരിച്ച് ഇവ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഭരണനടപടിക്രമങ്ങള്‍ ആധുനികവല്‍ക്കരിച്ച് മെച്ചപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും നടന്ന സംഭവങ്ങള്‍ ആശുപത്രി ഭരണക്രമത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതിന്റെ അടിയന്തിരാവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു.
ആശുപത്രി ഭരണത്തില്‍ വരുത്തേണ്ട അടിയന്തിര പരിഷ്‌കാരങ്ങള്‍:
• ആശുപത്രി ഉപകരണങ്ങളും മരുന്നുകളും, പ്രത്യേകിച്ചും അത്യാവശ്യ സാഹചര്യങ്ങളില്‍ വാങ്ങുന്നതിനുള്ള നിലവിലുള്ള നിബന്ധനകള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.
• സ്ഥാപന മേധാവികള്‍ക്കുള്ള (മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) സാമ്പത്തികാധികാരം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
• ആശുപത്രികളിലെ സേവന മേഖലകളെല്ലാം ആധുനികവല്‍ക്കരിച്ച് പൊതുജന സൗഹൃദമാക്കുന്നതിനുള്ള സവിശേഷ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ വൈകരുത്.
• ആശുപത്രി ഭരണത്തില്‍ മതിയായ പരിചയമില്ലാത്ത ഡോക്ടര്‍മാരാണ് പലപ്പോഴും സൂപ്രണ്ടുമാരായും മറ്റും ആശുപത്രി ഭരണത്തിനായി നിയമിക്കപ്പെടുന്നത്. ഇന്ന് ആധുനിക ആശുപത്രികളില്‍ മിക്കവയിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ, പരിശീലനം ലഭിച്ച മാനേജ്‌മെന്റ് വിദഗ്ധരെയാണ് നിയമിക്കുന്നത്. കേരള ആരോഗ്യസര്‍വകലാശാല ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി-ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ ശ്രമിക്കേണ്ടതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസില്‍ തന്നെയുള്ള സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ ഇത്തരം കോഴ്‌സുകള്‍ ആരംഭിക്കാവുന്നതാണ്. താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് ഈ കോഴ്‌സുകളില്‍ പങ്കെടുക്കാനും, അതിലൂടെ പരിശീലനം ലഭിച്ചവരെ ആശുപത്രി ഭരണരംഗത്തുള്ള സൂപ്രണ്ട്, ആര്‍.എം.ഒ. തുടങ്ങിയ തസ്തികകളില്‍ നിയമിക്കാനും സാധിക്കും.
• ചികിത്സാസൗകര്യങ്ങള്‍ വര്‍ധിച്ചതിനനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്നത് മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ്. ആരോഗ്യമേഖലയുടെ പ്രത്യേകത പരിഗണിച്ച്, വിവിധ വിഭാഗത്തില്‍പ്പെട്ട ആശുപത്രി ജീവനക്കാരുടെ എണ്ണം സാമ്പത്തിക പരിമിതിക്കുള്ളില്‍ നിന്ന് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതാണ്.