Kerala
ഭാരതാംബ ചിത്ര വിവാദം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളില്‍ നടന്ന, ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിനാണ് നടപടി.

തിരുവനന്തപുരം | ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സിയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളില്‍ നടന്ന, ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിനാണ് നടപടി. സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നല്‍കി.
രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ചാന്‍സിലറായ ഗവര്‍ണര്‍ക്കോ വി സിക്കോ നടപടിയെടുക്കാമെന്നും വി സി നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നുമായിരുന്നു നിയമോപദേശം.
രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെട്ടുവെന്നുമാണ് ആരോപണം. രജിസ്ട്രാര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായി വി സി രാജ്ഭവന് റിപോര്‍ട്ട് നല്‍കിയിരുന്നു. സംഘ്പരിവാര്‍ സംഘടനയായ ശ്രീപത്മനാഭ സേവാ സമിതിയുടെ പരിപാടിയാണ് റദ്ദാക്കിക്കൊണ്ട് രജിസ്ട്രാര്‍ ഉത്തരവിറിക്കിയിരുന്നത്.