Connect with us

Kerala

ദുരന്തബാധിതര്‍ക്കുള്ള ഫണ്ട്; ഒരു രൂപയുടെ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനമൊഴിയാം: രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാഹത്തിന് സദ്യ വിളമ്പിയും മത്സ്യം വിറ്റും മറ്റുമാണ് പണം സമാഹരിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ ഒരു പ്രതിനിധി പോലും സാമ്പത്തിക കെടുകാര്യസ്ഥതയുണ്ടായെന്ന് വിമര്‍ശിച്ചിട്ടില്ല.

Published

|

Last Updated

പത്തനംതിട്ട | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന പ്രചാരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശേഖരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയുടെയെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും തുറന്ന വെല്ലുവിളിയാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ 88,68,277 രൂപ അക്കൗണ്ടിലുണ്ട്. 780 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് പോലും നിര്‍മിച്ചു നല്‍കിയിട്ടില്ല. ഡി വൈ എഫ് ഐ നിര്‍മിച്ച ഒരു വീടെങ്കിലും കാണിച്ചു തരാമോയെന്നും രാഹുല്‍ ചോദിച്ചു.

27 ദിവസമാണ് സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വയനാട്ടില്‍ ചെലവഴിച്ചത്. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 30 വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനമെടുത്തത്. 50 ആളുകള്‍ക്ക് വാടക വീടുകള്‍ സംഘടിപ്പിച്ചു കൊടുക്കുമെന്നും പറഞ്ഞിരുന്നു. പണം നേരിട്ട് സമാഹരിക്കേണ്ടതില്ല എന്ന് നിശ്ചയിച്ചിരുന്നതിനാല്‍ വിവാഹത്തിന് സദ്യ വിളമ്പിയും മത്സ്യം വിറ്റും മറ്റുമാണ് പണം സമാഹരിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ ഒരു പ്രതിനിധി പോലും സാമ്പത്തിക കെടുകാര്യസ്ഥതയുണ്ടായെന്ന വിമര്‍ശനം ഉയര്‍ത്തിയില്ലെന്നും ബേങ്ക് സ്റ്റേറ്റ്മെന്റ് ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

 

Latest