Kerala
ശസ്ത്രക്രിയ മുടക്കം; ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ലെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്
സര്‍വീസ് ചട്ട ലംഘനത്തിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്

തിരുവനന്തപുരം | ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പരസ്യമായ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ട ലംഘനമാണെന്നും ഇതിന്റെ പേരില്‍ ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.
ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പ് മേധാവികള്‍ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വകുപ്പ് മേധാവികള്‍ വ്യക്തമാക്കി. വകുപ്പ് മേധാവികള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെയോടെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിരുന്നു. മറ്റ് വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച കണക്കെടുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അടക്കം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ഡോക്ടര്‍ ഹാരിസ്.നിലവില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കപ്പുറം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കാന്‍ ഇല്ല എന്നാണ് ഡോക്ടര്‍ ഹാരിസിന്റെ നിലപാട്.
സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിദഗ്ധസമിതിക്ക് മുമ്പാകെ ഉയര്‍ന്നെങ്കിലും കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ലെന്നാണ് സൂചന.