Kerala
വി സി സസ്‌പെന്റ് ചെയ്ത രജിസ്ട്രാറിന് ജോലിയില്‍ തുടരാം; മന്ത്രി ആര്‍ ബിന്ദു
വി സിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി

തിരുവനന്തപുരം | കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ വി സി സസ്‌പെന്റ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന് ജോലിയില്‍ തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി വ്യക്തമാക്കി.
നിയമോപദേശം തേടിയ ശേഷം സര്‍ക്കാര്‍ കോടതിയെ സമീപിക്കും. യൂനിവേഴ്‌സിറ്റിയിലെ സംഘര്‍ഷാത്മകമായ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് മാറിനില്‍ക്കാമായിരുന്നു. വിവാദത്തിനു കാരണമായ ചിത്രം പരിപാടിയില്‍ നിന്ന് മാറ്റുകയെങ്കിലും ചെയ്യാമായിരുന്നു.
മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടതെന്നും സര്‍വകലാശാലകള്‍ മതേതരമാണെന്നും മന്ത്രി പറഞ്ഞു. വി സി യുടെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നും മന്ത്രി വിശദമാക്കി.