Connect with us

Kerala

പന്തളത്ത് പ്രവാസിയുടെ വീട് കൊള്ളയടിച്ച കേസ്; പ്രതികള്‍ പിടിയില്‍

വാടകയ്ക്ക് എടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ OLX വഴി സെര്‍ച്ച് ചെയ്ത് വില്‍പനയ്ക്ക് വെച്ചിരിക്കുന്ന അതേ മോഡല്‍ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമായി നിര്‍മിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്.

Published

|

Last Updated

പത്തനംതിട്ട| പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഇസക്കി രാജ (28), സഹോദരന്‍ നമ്പിരാജ് (23) എന്നിവരെയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഈ കേസില്‍ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

വാടകയ്ക്ക് എടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ OLX വഴി സെര്‍ച്ച് ചെയ്ത് വില്‍പനയ്ക്ക് വെച്ചിരിക്കുന്ന അതേ മോഡല്‍ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമായി നിര്‍മിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. ഇത്തരത്തില്‍ നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്.

ജനുവരി 29-ന് വൈകീട്ട് കവര്‍ച്ചയ്ക്കായി പുറപ്പെട്ട സംഘം അടഞ്ഞുകിടന്ന പന്തളം കൈപ്പുഴ സ്വദേശി ബിജുവിന്റെ വീട്ടില്‍ കയറി മുന്‍വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു.

കൃത്യത്തിന് ശേഷം കര്‍ണാടക വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കര്‍ണാടകയിലെ ഉഡുപ്പിയിലെത്തി മറ്റൊരു വീട്ടില്‍ കയറി 70 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും കവര്‍ന്നു.

തുടര്‍ന്ന് കേരളത്തിലെത്തി കൊല്ലം കുമ്പളത്ത് സമാന രീതിയില്‍ മോഷണം നടത്തിയ ശേഷം കവര്‍ച്ചാ മുതലുകളുമായി തമിഴ്നാട്ടിലേക്ക് മടങ്ങി. സ്വിഫ്റ്റ് കാറിന്റെ അറ്റകുറ്റപ്പണി നടത്തിയതിന് ശേഷം അടുത്ത കവര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ ഡി വൈ എസ് പി വി.എസ്. പ്രദീപ്കുമാര്‍, പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ യു.വി. വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

---- facebook comment plugin here -----

Latest