Connect with us

Kerala

യുവതിയേയും കുഞ്ഞിനേയും ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രതി ആക്രമിച്ചു

നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു കടന്നുകളഞ്ഞു

Published

|

Last Updated

കോഴിക്കോട്  | വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റി ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പ്രതി കണ്ണൂര്‍ സ്വദേശി സജീഷ് കുമാറിനെ പോലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു.

യുവതിയും കുഞ്ഞും ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും പെട്ടെന്ന് എത്താനാകുമെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഏറെ ദൂരം വഴിമാറി പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വക്കുകയും ചെയ്തു.

നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേയും ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു കടന്നുകളഞ്ഞു. ഓട്ടോയുടെ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി യുവതി പോലീസില്‍ പരാതി നല്‍കി. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. എസ് ഐയുടെ തലക്ക് ഇയാള്‍ പരിക്കേല്‍പ്പിച്ചു. എ എസ് ഐയെ കടിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.