Connect with us

Ongoing News

ഫീൽഡ് ജോലികൾ രാത്രി ഷിഫ്റ്റിലേക്ക് മാറ്റാനൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി

ഉച്ചവിശ്രമ നിയമം കർശനമാക്കും

Published

|

Last Updated

ദുബൈ | വേനൽക്കാലത്തെ ഉയർന്ന താപനില കാരണം പകൽ ഷിഫ്റ്റുകൾക്ക് പകരം രാത്രി ഷിഫ്റ്റുകളിലേക്ക്  ഫീൽഡ് ജോലികൾ മാറ്റുന്നതിനെക്കുറിച്ച് ദുബൈ മുനിസിപ്പാലിറ്റി ആലോചിക്കുന്നു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടതില്ലാത്തതും പ്രകൃതിദത്ത വെളിച്ചം ആവശ്യമില്ലാത്തതുമായ ജോലികളാണ് പ്രധാനമായും ഇതിൽ പരിഗണിക്കുന്നത്. നടപ്പാതകൾ, പാത്രങ്ങൾ, റോഡുകളിലെ കളകൾ എന്നിവ വൃത്തിയാക്കുന്ന ജോലികൾ രാത്രിയിലേക്ക് മാറ്റിയേക്കും. രാത്രിയിൽ ജോലി ചെയ്യുന്നത് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
കാലാവസ്ഥാ മാറ്റങ്ങൾ ഫീൽഡ് വർക്കിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും മുനിസിപ്പാലിറ്റി തയ്യാറാക്കുന്നുണ്ട്. സ്മാർട്ട് സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുക, ഫീൽഡ് ഉപകരണങ്ങളിൽ തെർമൽ സെൻസറുകളും പോർട്ടബിൾ കൂളിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കുക എന്നിവയാണ് പ്രധാന പദ്ധതികൾ. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12:30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് വിലക്കിയ നിയമം പൂർണമായും നടപ്പാക്കാനുള്ള പ്രതിബദ്ധതയും ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ഫീൽഡ് ജോലികൾ പുനഃക്രമീകരിക്കുമെന്നും ഉയർന്ന താപനിലയുള്ള സമയങ്ങളിൽ ഇൻഡോർ ജോലികൾക്ക് മുൻഗണന നൽകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നും ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നിരവധി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് തൊപ്പികളും സ്‌കാർഫുകളും നൽകുക, തണുത്ത വെള്ളവും ലവണജലവും വിതരണം ചെയ്യുക, നിരീക്ഷണങ്ങൾ ശക്തമാക്കുക, വിശ്രമസ്ഥലങ്ങളിൽ ഫാനുകളും കൂളറുകളും സ്ഥാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജീവനക്കാർക്ക് അവബോധം നൽകുന്നതിനായി പരിശീലന പരിപാടികളും വർക്ക്ഷോപ്പുകളും നടത്തുന്നുമുണ്ട്.