Connect with us

Kerala

കോട്ടയം മെഡി. കോളജ് കെട്ടിടാപകടം: ജില്ലാ കലക്ടറോട് റിപോർട്ട് തേടി

രക്ഷാപ്രവർത്തനത്തിലുൾപ്പെടെ വീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

Published

|

Last Updated

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ ശുചിമുറി കെട്ടിടം തകർന്നുവീണുണ്ടായ ദുരന്തത്തെ കുറിച്ച് ജില്ലാ കലക്ടറോട് വിശദമായ റിപോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സത്രീ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം അന്വേഷിച്ച് കലക്ടറുടെ നേതൃത്വത്തിൽ റിപോർട്ട് നൽകണമെന്നാണ് നിർദേശം.

രക്ഷാപ്രവർത്തനത്തിലുൾപ്പെടെ വീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധ്യമായതെല്ലാം എത്രയും പെട്ടെന്ന് ചെയ്തു. ജെ സി ബി അപകട സ്ഥലത്ത് എത്തിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. അപകടത്തിൽ പെട്ട കെട്ടിടം അടച്ചിട്ടതാണെന്ന് മന്ത്രി വീണാ ജോർജ് ആവർത്തിച്ചു. നിർബന്ധപൂർവം ആരെയും ഡിസ്ചാർജ് ചെയ്യുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

അതിനിടെ, ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കി. ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏറെ വൈകി പുറത്തെടുത്ത തലയോലപ്പറമ്പ് സ്വദേശി ബിന്ദു(56)വാണ് അപകടത്തിൽ മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നാണ് സൂചന. രോഗിയുടെ കൂട്ടിരിപ്പുകാരിയായ പ്രതിഷേധത്തെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയ ശേഷം മണ്ണുമാന്തി യന്ത്രം എത്തിച്ചായിരുന്നു അവശഷിടങ്ങൾക്കിടയിൽ  പരിശോധന നടത്തിയത്.

മെഡി. കോളജിൻ്റെ 14ാം വാര്‍ഡിന്റെ കെട്ടിടമാണ് രാവിലെ 11ഓടെ ഇടിഞ്ഞുവീണത്. 12.30നായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു അപകടത്തിന് പിന്നാലെ മന്ത്രിമാര്‍ അടക്കം അവകാശപ്പെട്ടത്. ഉപയോഗത്തിലില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് സ്ഥലത്തെത്തിയ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

മകളുടെ ചികിത്സക്ക് വേണ്ടി എത്തിയ ബിന്ദു കുളിക്കുന്നതിന് വേണ്ടിയായിരുന്നു കെട്ടിടത്തിലേക്ക് പോയത്.  13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലെ തകർന്ന കെട്ടിടത്തിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്ന് രോഗികൾ പറഞ്ഞു.

Latest