Kerala
മകള്‍ രാത്രി പുറത്തുപോകുന്നതിനെ ചോദ്യം ചെയ്തു; മകളുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി അച്ഛന്‍
മകള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും പിതാവുമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു

ആലപ്പുഴ | ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുകയായിരുന്ന മകള്‍ രാത്രി പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവിന്റെ മൊഴി. ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടെ ഫ്രാന്‍സിസ് 28 കാരിയായ മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രതി മൊഴി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.
മകള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും പിതാവുമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. സംഭവ സമയത്ത് ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്കും അറിയാമായിരുന്നു. പേടിച്ച കുടുംബം വിവരം പുറത്ത് പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.
രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാര്‍ 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാര്‍ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ പോലീസിന് സംശയം തോന്നി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വഴക്കിനിടെ മകളുടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അച്ഛന്‍ ജോസ്മോന്‍ കുറ്റം സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ ജോസ്മോന്‍ സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്‍ ലാബ് ടെക്‌നീഷ്യന്‍ ആണ്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളായി സ്വന്തം വീട്ടിലാണ് എയ്ഞ്ചല്‍ കഴിയുന്നത്.