Kerala
രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡി. കോളജിലെ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
രക്ഷാപ്രവർത്തനം തുടങ്ങിയത് ഒന്നര മണിക്കൂറിന് ശേഷം

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏറെ വൈകി പുറത്തെടുത്ത സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നാണ് സൂചന. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റു. രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു(56)വാണ് മരിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയ ശേഷം മണ്ണുമാന്തി യന്ത്രം എത്തിച്ചായിരുന്നു അവശഷിടങ്ങൾക്കിടയിൽ പരിശോധന നടത്തിയത്. രക്ഷാപ്രവര്‍ത്തനം വൈകിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി.
മെഡി. കോളജിൻ്റെ 14ാം വാര്‍ഡിന്റെ കെട്ടിടമാണ് രാവിലെ 11ഓടെ ഇടിഞ്ഞുവീണത്. 12.30നായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു അപകടത്തിന് പിന്നാലെ മന്ത്രിമാര്‍ അടക്കം അവകാശപ്പെട്ടത്. ഉപയോഗത്തിലില്ലാത്ത കെട്ടിടമാണെന്ന് സ്ഥലത്തെത്തിയ മന്ത്രി വീണാ ജോർജ് ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.
കെട്ടിടം തകര്‍ന്നതിന് പിന്നാലെ 13ാം വാര്‍ഡിലെ ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു. ഇതോടെയാണ് രക്ഷാപ്രവർത്തനങ്ങളിലേക്ക് കടന്നത്. മകളുടെ ചികിത്സക്ക് വേണ്ടി എത്തിയ ബിന്ദു കുളിക്കുന്നതിന് വേണ്ടിയായിരുന്നു കെട്ടിടത്തിലേക്ക് പോയത്. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്ന് രോഗികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ കെട്ടിടങ്ങളിൽ നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ഭയന്നോടി.