Kerala
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നു
നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വി സിക്കില്ല. കടുത്ത കാവിവത്കരണ നടപടികളാണ് ഗവര്‍ണറുടേതെന്നും മന്ത്രി.

തിരുവനന്തപുരം | ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സി സസ്‌പെന്‍ഡ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു. നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വി സിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സസ്‌പെന്‍ഷന്‍ ചട്ടലംഘനമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് ഇടപെടും. കടുത്ത കാവിവത്കരണ നടപടികളാണ് ഗവര്‍ണറുടേത്. കാവിക്കൊടിയേന്തിയ സ്ത്രീ ഭാരതത്തിന്റേതല്ല, ആര്‍ എസ് എസിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
വി സിയുടെ നടപടി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തള്ളിക്കളഞ്ഞു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിന് മാത്രമാണ്. കെ എസ് അനില്‍കുമാര്‍ നാളെയും കേരള സര്‍വകലാശാല രജിസ്ട്രാറായി ഓഫീസിലെത്തുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സസ്‌പെന്‍ഷനെതിരെ എസ് എഫ് ഐയും പ്രതിഷേധിച്ചു. നടപടിക്കെതിരെ എസ് എഫ് ഐ ഇന്ന് രാത്രി ഏഴിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. നിയമപരമായി കാണാമെന്നായിരുന്നു കെ എസ് അനില്‍ കുമാറിന്റെ പ്രതികരണം.