Kerala
മനുഷ്യനന്മക്കായി ഒന്നിക്കുക; കേരളയാത്ര സമാപന സമ്മേളന സംഘാടക സമിതി രൂപവത്കരിച്ചു
'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ 2026 ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന കേരളയാത്ര തിരുവന്തപുരത്ത് 17ന് സമാപിക്കും.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളന സംഘാടക സമിതി രൂപവത്കരണ സംഗമം സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം | കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ 2026 ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന കേരളയാത്ര തിരുവന്തപുരത്ത് 17ന് സമാപിക്കും. ഇതുസംബന്ധമായി സെക്രട്ടേറിയറ്റിന് സമീപത്തെ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ നന്മക്കായി എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഗൂഢനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി ആലംകോട് ചെയര്‍മാനായും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. സംസ്ഥാന സെക്രട്ടറിമാരായ സെയ്തലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്, സിദ്ധീഖ് സഖാഫി നേമം, ഹൈദ്രോസ് ഹാജി എറണാകുളം, സിയാദ് കളിയിക്കാവിള, സനുജ് വഴിമുക്ക്, മുഹമ്മദ് ഷഹീദ് ബീമാപള്ളി പ്രസംഗിച്ചു.
സമ്മേളന പ്രചാരണാര്‍ഥം ജില്ലയിലെ അഞ്ച് സോണുകളില്‍ ഉപയാത്രയും സംഘടിപ്പിക്കും. സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന കര്‍മ്മ സാമയികം പദ്ധതികള്‍ക്ക് സമാപനം കുറിച്ചാണ് കേരള യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.




