National
ഉമീദ് രജിസ്‌ട്രേഷന്‍: സമയപരിധി നീട്ടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രിയെ കണ്ട് മുസ്‌ലിം ലീഗ് എം പിമാര്‍
പോര്‍ട്ടലിലെ നിരന്തര സാങ്കേതിക തകരാറുകള്‍ കാരണം 2025 ഡിസംബര്‍ അഞ്ച് വരെയുള്ള നിലവിലെ സമയപരിധി പ്രായോഗികമല്ല.
ന്യൂഡല്‍ഹി | രാജ്യത്തെ വഖ്ഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരണ്‍ റിജിജുവിനെ കണ്ടു. വഖ്ഫ് ഉമീദ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകളും പ്രവര്‍ത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖ്ഫ് ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം പിമാര്‍ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖ്ഫ് ഭൂമികളുടെ വിശദാംശങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
പോര്‍ട്ടലിലെ നിരന്തര സാങ്കേതിക തകരാറുകള്‍ കാരണം 2025 ഡിസംബര്‍ അഞ്ച് വരെയുള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എം പിമാര്‍ കേന്ദ്ര മന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. പോര്‍ട്ടലില്‍ ലോഗിന്‍ പരാജയങ്ങള്‍, സെഷന്‍ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകള്‍, അവസാന സമര്‍പ്പണ ഘട്ടത്തിലെ പിശകുകള്‍ എന്നിവ ഉപയോക്താക്കള്‍ വ്യാപകമായി നേരിടുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാല്‍ ചെറിയ പിശകുകള്‍ സംഭവിക്കുമ്പോള്‍ മുഴുവന്‍ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എം പിമാര്‍ കത്തില്‍ സൂചിപ്പിച്ചു.
രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികള്‍ ഡിജിറ്റല്‍ സാക്ഷരതാ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഇത്തരത്തിലുള്ള സങ്കീര്‍ണമായ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് വഖ്ഫ് സ്വത്തുകള്‍ക്ക് അന്യായമായ പിഴകള്‍ ചുമത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ എം പിമാര്‍ മുന്നറിയിപ്പ് നല്‍കി. പോര്‍ട്ടലിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി, യഥാര്‍ഥ അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാന്‍ സമയപരിധി നീട്ടണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു.


