International
മാനുഷിക ഇടനാഴിയില്‍ റഷ്യന്‍ ആക്രമണമെന്ന് യുക്രൈന്‍; ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെട്ടു
മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയില്‍ പലയിടത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്

കീവ് | വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും റഷ്യ ആക്രമണം തുടരുന്നതായി യുക്രൈന്‍. മാനുഷിക ഇടനാഴിയില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ അസോവ കടല്‍ തീരത്തെ മരിയോപോളില്‍ നിന്നുമുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതായി യുക്രൈന്‍ വ്യക്തമാക്കി .അതേ സമയം മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിക്കുകയാണ് യുക്രെയ്‌നെന്നാണ് റഷ്യന്‍ ആരോപണം.ക്രൈമിയക്കും വിമത മേഖലയായ ഡോണ്‍ബാസിനുമിടയില്‍ അസോവ കടല്‍ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോള്‍ നഗരമാണ്. അത് മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യന്‍ മുന്നേറ്റം. നാലര ലക്ഷത്തോളം പേര്‍ താമസിക്കുന്ന മരിയുപോളില്‍ നിന്നും ഡോണ്‍ബാസിനോട് ചേര്‍ന്ന വോള്‍നോവാഖയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. മാനുഷിക ഇടനാഴിയിലൂടെ പരമാവധിപേരെ ഒഴിപ്പിക്കാമെന്നും നിര്‍ദേശം വന്നു.
എന്നാല്‍ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് യുക്രൈന്‍ വാദം. മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയില്‍ പലയിടത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിര്‍ത്താത്ത ഇടത്ത് എങ്ങനെ ആളുകള്‍ പുറത്തിറങ്ങുമെന്ന് മരിയുപോള്‍ മേയര്‍ ചോദിച്ചു. എന്നാല്‍ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കല്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് കുറ്റപ്പെടുത്തി.
റഷ്യന്‍ നിയന്ത്രണത്തിലായ കേഴ്‌സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി. യുക്രൈനില്‍ നിന്നും പലായനം ചെയ്തവരുടെ സംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ട്. .റഷ്യക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നോ ഫ്‌ലൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന യുക്രൈന്‍ ആവശ്യം ഇന്നലെ അംഗരാജ്യങ്ങള്‍ തളളിയിരുന്നു. യുക്രൈനില്‍ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.