Uae
യു എൻ മനുഷ്യ വികസന സൂചികയിൽ യു എ ഇ മുന്നിൽ
ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിരത എന്നിവയിൽ ഊന്നിയുള്ള യു എ ഇയുടെ നയങ്ങൾ ഈ നേട്ടത്തിന് അടിസ്ഥാനമായി.

അബൂദബി| ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ 2025 മനുഷ്യ വികസന സൂചിക (എച്ച് ഡി ഐ) റിപ്പോർട്ടിൽ യു എ ഇ ആഗോളതലത്തിൽ 15-ാം സ്ഥാനവും പ്രാദേശികമായി ഒന്നാം സ്ഥാനവും നേടി. 2021 – 22 റാങ്കിംഗിനെ അപേക്ഷിച്ച് 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കാനഡ, യു എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ യു എ ഇ മറികടന്നു. 0.94 സ്‌കോർ നേടി മികച്ച മനുഷ്യ വികസന രാജ്യങ്ങളിൽ ആദ്യ 20-ൽ ഇടംപിടിച്ച ഏക അറബ് രാഷ്ട്രമാണ് യു എ ഇ.
ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിരത എന്നിവയിൽ ഊന്നിയുള്ള യു എ ഇയുടെ നയങ്ങൾ ഈ നേട്ടത്തിന് അടിസ്ഥാനമായി. 82.9 വർഷമാണ് യു എ ഇയിലെ ആയുർദൈർഘ്യം. പ്രതീക്ഷിത വിദ്യാഭ്യാസ കാലയളവ് 15.6 വർഷവും ശരാശരി വിദ്യാഭ്യാസം 13 വർഷവുമാണ്. 71,142 ഡോളറാണ് പ്രതിശീർഷ ദേശീയ വരുമാനം.
നൂതന ആരോഗ്യ സംവിധാനങ്ങളിലെ നിക്ഷേപമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുർറഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് പറഞ്ഞു. കൃത്രിമബുദ്ധി പോലുള്ള മേഖലകളിൽ മത്സരക്ഷമത വർധിപ്പിക്കുന്ന വിദ്യാഭ്യാസ നയങ്ങളാണ് യു എ ഇയുടേതെന്ന് വിദ്യാഭ്യാസ മന്ത്രി സാറ ബിൻത് യൂസുഫ് അൽ അമീരിയും വ്യക്തമാക്കി.