Connect with us

Uae

പൗരന്മാര്‍ക്കായി ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യു എ ഇ; ഇമാറാത്തികളില്‍ ജനന നിരക്ക് 11 ശതമാനം കുറഞ്ഞു

വന്ധ്യത അനുഭവിക്കുന്ന ഇമാറാത്തികളെ സഹായിക്കുന്നതിനാണ് സംരംഭം. 2025 അവസാനത്തോടെ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ഏകീകൃത ദേശീയ തന്ത്രം പ്രഖ്യാപിക്കും.

Published

|

Last Updated

അബൂദബി | രാജ്യത്തെ പൗരന്മാരുടെ കുറഞ്ഞുവരുന്ന ജനന നിരക്ക് പരിഹരിക്കുന്നതിനായി അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യു എ ഇ പദ്ധതിയിടുന്നു. വന്ധ്യത അനുഭവിക്കുന്ന ഇമാറാത്തികളെ സഹായിക്കുന്നതിനാണ് സംരംഭം. അബൂദബിയില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ് എന്‍ സി) സെഷനില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തതായും ഫീസിബിലിറ്റി പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും കുടുംബകാര്യ മന്ത്രി സന സുഹൈല്‍ വ്യക്തമാക്കി.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെയും എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസിന്റെയും സഹകരണത്തോടെയാണ് കേന്ദ്രം വികസിപ്പിക്കുന്നത്. രാജ്യത്തുടനീളം പ്രാഥമികാരോഗ്യ സംരക്ഷണത്തില്‍ ആദ്യഘട്ട പ്രത്യുത്പാദന കൗണ്‍സിലിംഗും ഫെര്‍ട്ടിലിറ്റി സേവനങ്ങളും സംയോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും സേവനങ്ങളുടെ വ്യാപ്തി നിര്‍ണയിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് നിലവില്‍ പദ്ധതി. 2025 അവസാനത്തോടെ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള ഏകീകൃത ദേശീയ തന്ത്രം അംഗീകരിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

സെഷനില്‍ അവതരിപ്പിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 2015നും 2022നും ഇടയില്‍ ഇമാറാത്തികളില്‍ ജനന നിരക്ക് 11 ശതമാനം കുറഞ്ഞു. അതേസമയം, ഇതേ കാലയളവില്‍ പൗരന്മാരല്ലാത്തവരുടെ ജനന നിരക്ക് അഞ്ച് ശതമാനം വര്‍ധിച്ചു. 2022 ല്‍ 30,889 ഇമാറാത്തി കുട്ടികള്‍ ജനിച്ചപ്പോള്‍ 65,762 പ്രവാസി കുട്ടികളാണ് ജനിച്ചത്.

ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ 25 വര്‍ഷത്തിനുള്ളില്‍ ഇമാറാത്തികള്‍ ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെയായി മാറും എന്ന് അംഗം സുല്‍ത്താന്‍ അല്‍ സആബി മുന്നറിയിപ്പ് നല്‍കി. ഇത് സാമ്പത്തിക വളര്‍ച്ച, സാമൂഹിക സ്ഥിരത, ദേശീയ സ്വത്വത്തിന്റെ സംരക്ഷണം എന്നിവയ്ക്ക് ഭീഷണിയാണ്.

പ്രസവാവധി, മുലയൂട്ടല്‍ അവകാശങ്ങള്‍ എന്നിവ പുനപ്പരിശോധിക്കുക, ശിശുപരിപാലന അവധി ഏര്‍പ്പെടുത്തുക, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് വിദൂര ജോലി നയങ്ങള്‍ അവലോകനം ചെയ്യുക എന്നിവ ഉള്‍പ്പെടെ 15 ശിപാര്‍ശകളും കൗണ്‍സില്‍ അംഗീകരിച്ചു. വടക്കന്‍ എമിറേറ്റുകളിലെ പൗരന്മാര്‍ക്ക് ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് രാജ്യവ്യാപകമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും കൗണ്‍സില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

 

Latest