Connect with us

Kerala

ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു; അറ്റക്കുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘം കേരളത്തിലേക്ക്

അടിയന്തര ലാൻഡിംഗിന് ശേഷം ഹൈഡ്രോളിക് തകരാർ സംഭവിച്ചതിനാൽ വിമാനത്തിന് തിരിച്ചുപറക്കാൻ സാധിച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം | പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ച മുമ്പ് അടിയന്തിര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനം വിമാനത്താവളത്തിൽ തന്നെ തുടരുന്നു. ലാൻഡിംഗിന് ശേഷം ഹൈഡ്രോളിക് തകരാർ സംഭവിച്ചതിനാൽ വിമാനത്തിന് തിരിച്ചുപറക്കാൻ സാധിച്ചില്ല. പറന്നുയരാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. ഇതേ തുടർന്ന് വിമാനം അറ്റക്കുറ്റപ്പണി ചെയ്യുന്നതിന് ബ്രിട്ടണിൽ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലേക്ക് തിരിച്ചു. 110 മില്യൺ ഡോളർ വിലമതിക്കുന്ന എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം 24 മണിക്കൂർ സി ഐ എസ് എഫ് കാവലിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നത്.

ജൂൺ 14-നാണ് റോയൽ ബ്രിട്ടീഷ് നേവിയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എഫ്-35ബി ലൈറ്റ്നിംഗ് II വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം കുറവായതിനെ തുടർന്നും പ്രതികൂല കാലാവസ്ഥ കാരണം കേരളതീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നിലയുറപ്പിച്ച വിമാനവാഹിനി കപ്പലിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാലുമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കാൻ അനുമതി തേടിയത്. തുടർന്ന് ഇന്ത്യൻ വ്യോമസേന സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കുന്നതിനും ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതിനും സഹായങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവിച്ച ഹൈഡ്രോളിക് തകരാർ വിമാനം തിരിച്ചു പറക്കുന്നതിന് തടസ്സമാവുകയായിരുന്നു.

എഫ്-35ബി യുദ്ധവിമാനം നന്നാക്കാനായി യു കെ.യിൽ നിന്ന് ഒരു പ്രത്യേക ടോ വെഹിക്കിളും 40 അംഗ ബ്രിട്ടീഷ് എഞ്ചിനീയർമാരുടെയും വിദഗ്ദ്ധരുടെയും സംഘവും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള റോയൽ നേവി ടെക്നീഷ്യൻമാർ അറ്റകുറ്റപ്പണികൾക്ക് ശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ബ്രിട്ടീഷ് സംഘം നേരിട്ടെത്തി പരിശോധന നടത്തുന്നത്. അറ്റകുറ്റപ്പണികൾ പരാജയപ്പെട്ടാൽ വിമാനം യു.കെ.യിലേക്ക് വ്യോമമാർഗ്ഗം മാറ്റുന്നത് പരിഗണിച്ചേക്കും.

നിലവിൽ നാലാം ബേയിൽ സി.ഐ.എസ്.എഫ് സംരക്ഷണത്തിൽ പാർക്ക് ചെയ്തിരിക്കുന്ന എഫ്-35 വിമാനം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾക്കും ഇടയാക്കി. 110 മില്യൺ ഡോളർ വില വരുന്ന വിമാനം ഓ എൽ എക്സിൽ 40 മില്യൺ ഡോളറിന് വിൽപനയ്ക്ക് വെച്ചതായാണ് പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന്. വിമാനത്തിന് ഇപ്പോൾ ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹതയുണ്ടെന്ന് ചിലർ തമാശയായി പറഞ്ഞു. ബ്രിട്ടീഷ് എഫ്-35ബി കേരളത്തിൽ തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യാനായത് ഭാഗ്യമാണെന്നും, മറ്റെവിടെയെങ്കിലുമായിരുന്നുവെങ്കിൽ ഇതിനകം മോഷ്ടിക്കപ്പെടുമായിരുന്നുവെന്നും ചിലർ ട്രോളുന്നു.

---- facebook comment plugin here -----

Latest