Ongoing News
യു എ ഇയിൽ മറ്റന്നാൾ മുതൽ സ്കൂൾ ബസ് സർവീസുകൾ പുനരാരംഭിക്കും
നേരത്തെ സ്കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് അറിയിപ്പ് വന്നിരുന്നെങ്കിലും പുതിയ സുരക്ഷാ പരിശോധനകൾക്ക് ശേഷം സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു
ദുബായ് | രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ ബസ് സർവീസുകൾ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ സി ഇ എം എ), വിദ്യാഭ്യാസ മന്ത്രാലയം, പ്രാദേശിക വിദ്യാഭ്യാസ അധികൃതർ എന്നിവർ നടത്തിയ സംയുക്ത വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നേരത്തെ സ്കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് അറിയിപ്പ് വന്നിരുന്നെങ്കിലും പുതിയ സുരക്ഷാ പരിശോധനകൾക്ക് ശേഷം സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നതോടെ ബസ് സർവീസുകളും ലഭ്യമാകുന്നത് രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാകും.
സാഹചര്യങ്ങൾ അധികൃതർ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏപ്രിൽ 20 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും.
Summary
The UAE Ministry of Education has announced that school bus services for all public and private schools will resume starting Monday, April 20, 2026. This decision follows comprehensive safety assessments conducted by NCEMA and educational authorities to ensure student welfare. The resumption aligns with the return to in-person learning across nurseries, schools, and universities nationwide. Parents are advised to follow official government channels for further updates and adhere to safety guidelines.






