Connect with us

Kerala

ഒമ്പതുപേരെ ഒരു നോക്കു കാണാന്‍ നാടാകെ അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലേക്ക്

രാവിലെ ഒന്‍പതോടെ ഇവിടെ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്നു സംസ്‌കാരം നടക്കും

Published

|

Last Updated

മലപ്പുറം | കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരെയും ഒരു നോക്കു കാണാന്‍ നാടാകെ അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകുകയാണ്. രാവിലെ ഒന്‍പതോടെ ഇവിടെ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്നു സംസ്‌കാരം നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു.

ഒരു മണിക്കൂറായിരിക്കും സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകുക. ഇതിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോര്‍ട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അര്‍ധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാല്‍പ്പാറ അപകടത്തില്‍ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54)യുടെ മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊര്‍ണ്ണൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്റെ (52) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അധ്യാപിക സുഹറയുടെയും (43) മകന്‍ ഹിഷാമിന്റെയും (12) സംസ്‌കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിലാണു നടക്കുക.

അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. അധ്യാപകനായ അബ്ദുല്‍ മജീദിന്റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്‌കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ നടക്കും. പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിന് അടുത്തുള്ള ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീനയുടെ (37) സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണു നടക്കുക. ഷക്കീന അടുത്തിടെയാണ് എല്‍ പി സ്‌കൂളില്‍ നിന്ന് യു പി സ്‌കൂളിലേക്ക് മാറിയത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. ഒന്‍പതുപേരാണ് അപകടത്തില്‍ മരിച്ചത്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മൂന്നു പേര്‍ ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍, വാഹനത്തിന്റെ ഡ്രൈവര്‍, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച അധ്യാപിക ഷക്കീനയുടെ മകള്‍ ആണ് മസ്നീന്‍. ഉമ്മ മരിച്ച വിവരം മസ്‌നീനെ അറിയിച്ചിട്ടില്ല.

 

---- facebook comment plugin here -----

Latest