Connect with us

National

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി; ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം

ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും ഡി എ 60 ശതമാനമായി ഉയരും.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി എ) രണ്ട് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും ഡി എ 60 ശതമാനമായി ഉയരും. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനവ് നടപ്പിലാക്കുക.

ഏകദേശം 50.5 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി മുതൽ മാർച്ച് വരെയുള്ള കുടിശ്ശികയും (Arrears) ജീവനക്കാർക്ക് ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിലക്കയറ്റത്തിന് ആനുപാതികമായി വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്ര സർക്കാർ ഡി എ പുതുക്കാറുള്ളത്. സാധാരണഗതിയിൽ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കേണ്ടിയിരുന്ന ഈ വർധനവ് ഇത്തവണ വൈകിയത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഈ വർധനവ് വഴി സർക്കാരിന് പ്രതിവർഷം 6,791 കോടി രൂപയുടെ അധിക ചിലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഈ വർധനവ് ജീവനക്കാർക്ക് വലിയ ആശ്വാസമാകുമെങ്കിലും, ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ വർധനവാണ് ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.

Summury:

The Union Cabinet has approved a 2% increase in Dearness Allowance (DA) and Dearness Relief (DR) for central government employees and pensioners, effective retrospectively from January 1, 2026. This revision raises the total DA from 58% to 60% of the basic pay, benefiting over 50 lakh employees and 68 lakh pensioners. The move comes after a slight delay, and beneficiaries are expected to receive arrears for the previous months along with their upcoming salary.