Education Notification
മർകസ് കോളജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നാളെ
100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
കുന്ദമംഗലം| പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ ടി ഐ തുടങ്ങിയ വിവിധ തലങ്ങളിൽ പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ സംഘടിപ്പിക്കുന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നാളെ നടക്കും. രാവിലെ ഒമ്പതരയ്ക്ക് കോളജിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ വിവിധ കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
പുതിയ കാലത്തെ തൊഴിൽ ലഭ്യതയെ കുറിച്ച് ഉദ്യോഗാർഥികളിൽ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളജിന് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിട്ടുള്ളത്. മർകസ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്‌സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ ഒമ്പതരയ്ക്ക് കോളജില്‍ എത്തണമെന്ന് പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.




