Editors Pick
യു എ ഇ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പാൻ കാർഡ് നിയമങ്ങൾ; ഇക്കാര്യങ്ങൾ ശരിയല്ലെങ്കിൽ പാടുപെടും
ഒരാളുടെ പാൻ നമ്പർ ജീവിതകാലം മുഴുവൻ മാറ്റമില്ലാതെ തുടരുമെങ്കിലും അതിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡൻഷ്യൽ സ്റ്റാറ്റസിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ദുബൈ | അടുത്ത ഇൻകം ടാക്‌സ് റിട്ടേൺ (Income Tax Return) ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ ഇന്ത്യയിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ മുമ്പ് യു എ ഇ പ്രവാസികൾ അവരുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ഇന്ത്യയുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (Permanent Account Number) അഥവാ പാൻ (PAN) ഡാറ്റാബേസിൽ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിദേശത്തേക്ക് താമസം മാറുന്നതിലൂടെ പാൻ ഡാറ്റാബേസിൽ വിവരങ്ങൾ സ്വയം അപ്‌ഡേറ്റ് ആകില്ല. ഒരാളുടെ പാൻ നമ്പർ ജീവിതകാലം മുഴുവൻ മാറ്റമില്ലാതെ തുടരുമെങ്കിലും അതിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡൻഷ്യൽ സ്റ്റാറ്റസിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
പ്രവാസികളുടെ പാൻ കാർഡുകൾ ഇൻഓപ്പറേറ്റീവ് ആകാനുള്ള കാരണം
പാനും ആധാറും (Aadhaar) തമ്മിൽ ബന്ധിപ്പിക്കാൻ നിർദ്ദേശിച്ചിരുന്ന അവസാന തീയതിയായ 2023 ജൂൺ 30 നകം ലിങ്ക് ചെയ്യാതിരുന്ന പാൻ കാർഡുകൾ 2023 ജൂലൈ 1 മുതൽ ഇൻഓപ്പറേറ്റീവ് (Inoperative) അഥവാ നിഷ്ക്രിയമായി മാറുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം നോൺ റെസിഡന്റുകൾക്ക് പാൻ ആധാർ ലിങ്കിംഗ് നിർബന്ധമല്ല. എന്നിരുന്നാലും ആദായ നികുതി വകുപ്പിന്റെ ഡാറ്റാബേസിൽ നോൺ റെസിഡന്റ് സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്താത്തത് മൂലം പല പ്രവാസികളുടെയും പാൻ കാർഡുകൾ ഇൻഓപ്പറേറ്റീവ് ആയി മാറിയിട്ടുണ്ട്.
മുൻപത്തെ മൂന്ന് അസസ്മെന്റ് വർഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ നോൺ റെസിഡന്റ് ആയി ഐ ടി ആർ സമർപ്പിച്ചവരുടെയോ അല്ലെങ്കിൽ ജുരിസ്ഡിക്ഷണൽ അസ്സസ്സിംഗ് ഓഫീസറെ (Jurisdictional Assessing Officer) വിവരമറിയിച്ചവരുടെയോ എൻ ആർ ഐ സ്റ്റാറ്റസ് ആദായ നികുതി വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽപ്പെടാത്ത ബാധിക്കപ്പെട്ട പ്രവാസികളോട് തങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും ജ എ ഒ ക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാൻ കാർഡ് ഇൻഓപ്പറേറ്റീവ് ആയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ
പാൻ കാർഡ് ഇൻഓപ്പറേറ്റീവ് ആകുന്നത് അത് റദ്ദാക്കപ്പെടുന്നതിന് തുല്യമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബാധിക്കപ്പെട്ട നികുതിദായകർക്ക് ഇപ്പോഴും ഐ ടി ആർ ഫയൽ ചെയ്യാൻ കഴിയും. എങ്കിലും പ്രധാനമായും താഴെ പറയുന്ന നിയന്ത്രണങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരും:
- ടാക്‌സ് റീഫണ്ടുകളും അനുബന്ധ പലിശയും തടഞ്ഞുവെച്ചേക്കാം
- ഉയർന്ന നിരക്കിൽ ടി ഡി എസ് (TDS) ഈടാക്കാൻ സാധ്യതയുണ്ട്
- ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ് (TCS) ഉയർന്ന നിരക്കിൽ ശേഖരിക്കപ്പെടാം
- നികുതി പ്രൊസസിംഗിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും കാലതാമസം നേരിടാം
പിന്നീട് ഐ ടി ആർ വഴി അധികമായി ഈടാക്കിയ ടി ഡി എസ് തിരികെ അവകാശപ്പെടാമെങ്കിലും പാൻ ഇൻഓപ്പറേറ്റീവ് ആയിരിക്കുന്നത് റീഫണ്ട് ലഭിക്കുന്നത് വൈകിപ്പിക്കാൻ കാരണമാകും.

പാൻ കാർഡിൽ സ്റ്റാറ്റസ് പ്രധാനമാകുന്നത് എന്തുകൊണ്ട്?
ഇന്ത്യയിലെ ടാക്‌സ് റിട്ടേണുകൾ, ടാക്‌സ് പേയ്‌മെന്റുകൾ, ടി ഡി എസ് റെക്കോർഡുകൾ, ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ് എന്നിവയെ ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നത് പാൻ കാർഡാണ്. കൂടാതെ ഇന്ത്യയിലെ നിക്ഷേപങ്ങൾ, സെക്യൂരിറ്റീസ് ഇടപാടുകൾ, വസ്തു ഇടപാടുകൾ എന്നിവയ്ക്കും പാൻ ആവശ്യമാണ്. ബാങ്കുകളും ബ്രോക്കർമാരും മ്യൂച്വൽ ഫണ്ട് കമ്പനികളും കെ വൈ സി (KYC) പരിശോധനകൾക്കായി ഇത് ഉപയോഗിക്കുന്നു. ആദായ നികുതി വകുപ്പിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തതുകൊണ്ട് മാത്രം ബാങ്കുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും വിവരങ്ങൾ മാറില്ല. അതിനായി ഓരോ സ്ഥാപനത്തിലും പ്രത്യേകമായി കെ വൈ സി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
അതേസമയം പാൻ കാർഡ് ഒരു വ്യക്തിയുടെ ടാക്സ് റെസിഡൻസി നിശ്ചയിക്കുന്നില്ല. ഓരോ സാമ്പത്തിക വർഷത്തെയും ദിവസങ്ങളുടെ കണക്കും വരുമാനവും അടിസ്ഥാനമാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്. യു എ ഇ യിൽ ജോലി ചെയ്യുന്നതോ യു എ ഇ റെസിഡൻസ് വിസ ഉള്ളതോ കൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ ആദായ നികുതി നിയമപ്രകാരം നോൺ റെസിഡന്റ് ആകണമെന്നില്ല.
ഇന്ത്യ യു എ ഇ ടാക്സ് കരാറും പാൻ കാർഡും
ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാർ (Double Taxation Avoidance Agreement) വ്യവസ്ഥകൾ പാലിക്കുന്നവർക്ക് ഇളവുകൾ നൽകുന്നുണ്ട്. എന്നാൽ പാൻ കാർഡ് കൊണ്ട് മാത്രം ഈ ആനുകൂല്യം ലഭിക്കില്ല. ഇതിനായി യു എ ഇ ടാക്‌സ് റെസിഡൻസി സർട്ടിഫിക്കറ്റ്, ഫോം 10 എഫ് എന്നിവ നൽകേണ്ടതുണ്ട്. പാൻ ഇല്ലാത്ത ചില നോൺ റെസിഡന്റുകൾക്ക് നിർദ്ദിഷ്ട ഐഡന്റിറ്റി, അഡ്രസ്, ടാക്സ് റെസിഡൻസി രേഖകൾ സമർപ്പിച്ചാൽ ഉയർന്ന ടി ഡി എസിൽ നിന്ന് ഭാഗിക ഇളവുകൾ ലഭിക്കാറുണ്ട്.

പാൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
ആദായ നികുതി വകുപ്പിന്റെ ഇ ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് വെരിഫൈ യുവർ പാൻ (Verify Your PAN) സർവീസ് വഴി സ്റ്റാറ്റസ് പരിശോധിക്കാം. ലോഗിൻ ചെയ്ത ശേഷം താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:
- പാൻ ഓപ്പറേറ്റീവ് ആണോ എന്ന് പരിശോധിക്കുക
- പാൻ ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് നോക്കുക
- പ്രൊഫൈലിലെ റെസിഡൻഷ്യൽ സ്റ്റാറ്റസ് പരിശോധിക്കുക
- സമീപകാലത്തെ ഐ ടി ആറുകളിൽ ഉപയോഗിച്ച റെസിഡൻഷ്യൽ സ്റ്റാറ്റസ് പരിശോധിക്കുക
പാൻ ഓപ്പറേറ്റീവ് ആണെങ്കിൽ പ്രത്യേകമായി മാറ്റങ്ങൾ വരുത്തേണ്ടതില്ല.
എൻ ആർ ഐ സ്റ്റാറ്റസ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
എൻ ആർ ഐ സ്റ്റാറ്റസ് രേഖപ്പെടുത്താത്തത് മൂലം പാൻ ഇൻഓപ്പറേറ്റീവ് ആയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജുരിസ്ഡിക്ഷണൽ അസ്സസ്സിംഗ് ഓഫീസറെ ബന്ധപ്പെടുക. ടാക്സ് പോർട്ടലിലെ നോ യുവർ എ ഒ (Know Your AO) സർവീസ് വഴി ഉദ്യോഗസ്ഥനെ കണ്ടെത്താം. തുടർന്ന് റെസിഡൻഷ്യൽ സ്റ്റാറ്റസ് മാറ്റി നൽകാൻ അപേക്ഷയും തെളിവുകളും സമർപ്പിക്കുക.
സമർപ്പിക്കേണ്ട പ്രധാന രേഖകൾ:
- പാൻ കോപ്പി
- പാസ്‌പോർട്ട്, പ്രസക്തമായ ട്രാവൽ പേജുകൾ
- യു എ ഇ റെസിഡൻസ് വിസ അല്ലെങ്കിൽ എമിറേറ്റ്‌സ് ഐ ഡി
- ഇന്ത്യക്ക് പുറത്ത് താമസിച്ച ദിവസങ്ങളുടെ തെളിവ്
- ബാധകമെങ്കിൽ ഒ സി ഐ (OCI) അല്ലെങ്കിൽ വിദേശ പൗരത്വ രേഖകൾ
ഓൺലൈൻ പ്രൊഫൈൽ എഡിറ്റ് ചെയ്യുന്നത് കൊണ്ട് മാത്രം ഇൻഓപ്പറേറ്റീവ് പാൻ പുനഃസ്ഥാപിക്കപ്പെടില്ലെന്നും ജെ എ ഒ ക്ക് നേരിട്ട് അപേക്ഷ നൽകണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights
NRI PAN status must be updated to avoid inoperative status during ITR filing. Inoperative PANs cause higher TDS and delayed refunds. NRIs need to submit documents to their JAO to fix the status.




