Connect with us

Kerala

ഇ കെ വിഭാഗം സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു

ഖബറടക്കം നാളെ (വെള്ളി) രാവിലെ 10 ന് തിരൂർക്കാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗം സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു.  81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ (വെള്ളി) രാവിലെ 10 ന് തിരൂർക്കാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.

2016 ലാണ് അദ്ദേഹം ഇ കെ വിഭാഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാൻ, സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, കാസർഗോഡ് ജില്ലാ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരികയായിരന്നു.

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിൽ പ്രാഥമിക പഠനം. തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിൽ ഭൗതിക വിദ്യാഭ്യാസം. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സ് പഠനം ആരംഭിച്ച അദ്ദേഹം പുത്തനങ്ങാടി ജുമാമസ്ജിദ്, അരിപ്ര, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലും ദർസ് പഠനം പൂർത്തിയാക്കി.

1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു. ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്‌ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍(കായി) മുസ്‌ലിയാര്‍,പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലായിരുന്നു ആദ്യ സേവനം. പിന്നീട് ചെമ്മങ്കടവിലും ദർസ് നടത്തി. 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ അധ്യാപകനായി.

നിരവധി അന്താരാഷ്ട്ര വേദികളിൽ സംബന്ധിച്ചിട്ടുണ്ട്. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

2003 മുതല്‍ 2006 വരെ കേരള  ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Samastha General Secretary K Alikutty Musliyar passed away at 81. He served in key Islamic positions. His contributions are vast.

 

---- facebook comment plugin here -----

Latest