UAE
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമ നടപടി; യു എ ഇ മന്ത്രാലയം
നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴ ചുമത്തും.
ദുബൈ |യു എ ഇയിൽ നിലവിലുള്ള ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഓർമിപ്പിച്ചു. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികളെ ഒരേസമയം ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യങ്ങളിൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവവും ആവർത്തനവും കണക്കിലെടുത്ത് കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യുക, മന്ത്രാലയത്തിന്റെ വർഗീകരണത്തിൽ കമ്പനിയുടെ ഗ്രേഡ് താഴ്ത്തുക തുടങ്ങിയ നടപടികളുണ്ടാകും. നിയമലംഘനം കാരണം തൊഴിലാളികൾക്ക് പരുക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
യു എ ഇ തൊഴിൽ രംഗത്ത് നടപ്പിലാക്കുന്ന ചൂട് പ്രതിരോധ നയത്തിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് പൂർണ നിരോധനമുണ്ട്. തുടർച്ചയായ 22-ാം വർഷമാണ് രാജ്യം ഈ നിയമം വിജയകരമായി നടപ്പിലാക്കുന്നത്. ഡെലിവറി തൊഴിലാളികൾക്കും ഈ നിയമം ബാധകമാണ്.
സാങ്കേതികമോ പ്രവർത്തനപരമോ ആയ കാരണങ്ങളാലോ പൊതുജന സുരക്ഷ മുൻനിർത്തിയോ നിർത്തിവെക്കാൻ സാധിക്കാത്ത ജോലികൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ജലം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ബാധിക്കുന്ന തകരാറുകൾ പരിഹരിക്കൽ, ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാനുള്ള ജോലികൾ എന്നിവ ഇതിൽ പെടുന്നു.
ഇളവുകളുള്ള ജോലികളിൽ ഏർപ്പെടുന്ന കമ്പനികളാണെങ്കിൽ പോലും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പൂർണ ബാധ്യസ്ഥരാണ്. ജോലിസ്ഥലങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായി തണലുള്ള വിശ്രമകേന്ദ്രങ്ങൾ, തണുത്ത കുടിവെള്ളം, ഹൈഡ്രേഷൻ സാമഗ്രികൾ, ഫാനുകൾ ഉൾപ്പെടെയുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ എന്നിവ തൊഴിലുടമകൾ നിർബന്ധമായും ഒരുക്കണം.
സാധാരണ ജോലികളും ഇളവുകളുള്ള ജോലികളും തിരിച്ചറിയാൻ പരിശോധനാ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുന്നത്.
Content Highlights:
MOHRE has warned UAE companies of strict penalties for violating the mandatory midday break rule. Companies forcing employees to work under direct sunlight between 12:30 PM and 3:00 PM will face fines up to 50,000 Dirhams. The 22nd consecutive annual summer work ban applies to delivery workers too.





