Ongoing News
യു എ ഇ-ഇന്ത്യ പങ്കാളിത്തം വികസന സാധ്യത തുറന്നു: ശൈഖ് സഊദ്
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി ശൈഖ് സഊദ് കൂടിക്കാഴ്ച നടത്തി.

റാസ് അല്‍ ഖൈമ | യു എ ഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് വലിയ സാധ്യത നല്‍കുന്നുവെന്ന് റാസ് അല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രസ്താവിച്ചു. ഇന്ത്യന്‍ സ്റ്റീല്‍, ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചക്കും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാസ് അല്‍ ഖൈമയും ഇന്ത്യയും തമ്മിലുള്ള സ്റ്റീല്‍, ഹെവി ഇന്‍ഡസ്ട്രീസ് മേഖലയിലെ സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ചും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. റാസ് അല്‍ ഖൈമ എല്ലാ മേഖലകളിലും പ്രത്യേകിച്ച് വ്യവസായം, നിക്ഷേപം, ടൂറിസം എന്നിവയില്‍ കൈവരിച്ച വളര്‍ച്ചയെ കുമാരസ്വാമി അഭിനന്ദിച്ചു.
യു എ ഇ സന്ദര്‍ശിക്കുന്ന മന്ത്രിയോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ എന്നിവരും ഉണ്ടായിരുന്നു.