Kerala
കപ്പല്‍ അപകട പരമ്പര: പാരിസ്ഥിതികാഘാതപഠനം നടത്താൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സി വേണുഗോപാല്‍ എം പി
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നതായി പരാതി

തിരുവനന്തപുരം | കേരളതീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക, സുരക്ഷാ ഭീഷണികള്‍ ഉയർത്തിയെന്നും ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിക്കുന്നതിന് പാരിസ്ഥിതിക ആഘാതപഠനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ നാല് ഡോള്‍ഫിനുകളും രണ്ട് തിമിംഗലങ്ങളും ചത്ത നിലയില്‍ ആലപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞിരുന്നു. ഇത് മത്സ്യത്തൊഴിലാളികളിലും നാട്ടുകാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കപ്പല്‍ അപകടങ്ങളില്‍ എണ്ണ ചോര്‍ച്ചക്കും രാസ മലിനീകരണത്തിനും സാധ്യതയുണ്ടെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്. ചില കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. തിമിംഗലങ്ങളും ഡോള്‍ഫിനുകളും തുടര്‍ച്ചയായി കരയില്‍ അടിയുന്നത് സമുദ്രജീവികളുടെ നിലനില്‍പ്പ് സംബന്ധിച്ച ആശങ്കയും ഭക്ഷിക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നതായി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട മന്ത്രാലയങ്ങളെയും വകുപ്പുകളെയും വിളിച്ചുചേര്‍ത്ത്, പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും തീരമേഖലയുടെ പരിഭ്രാന്തി ഒഴിവാക്കാനും പ്രധാനമന്ത്രി ഇടപെടണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കത്ത് നല്‍കിയെങ്കിലും പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ തേടിയത്.
ട്രോളിംഗിനിടെ മത്സ്യബന്ധന ബോട്ടുകളുടെ വലകള്‍ കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകളില്‍ കുടുങ്ങി മത്സ്യബന്ധന ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംഭവങ്ങള്‍ കത്തില്‍ പരാമര്‍ശിച്ചു. ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമാണ് ഈ വകയില്‍ കണക്കാക്കുന്നത്.