Connect with us

National

യു എ ഇ-ഇന്ത്യ വിമാന നിരക്ക് ഉയരാന്‍ സാധ്യത; സീറ്റുകളുടെ കുറവ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു

പ്രധാന വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍വീസുകള്‍ റദ്ദാക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

Published

|

Last Updated

ദുബൈ | വരും മാസങ്ങളില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ളതായി ട്രാവല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നത്. പ്രധാന വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍വീസുകള്‍ റദ്ദാക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

സീസണ്‍ സമയങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന നിരക്ക് വര്‍ധനക്ക് പുറമെയാണിത്. വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ പദ്ധതിയിടുന്ന പ്രവാസികളെയാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക. ആവശ്യക്കാര്‍ ഏറുകയും എന്നാല്‍ അതിനനുസരിച്ച് വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

യാത്രക്കാര്‍ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും ബുക്കിംഗ് പൂര്‍ത്തിയാക്കുന്നത് ലാഭകരമാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ നിര്‍ദേശിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ കുറയുന്നതും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കേണ്ടി വരുന്നതും യാത്രാ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.

 

Latest