Uae
നിക്ഷേപക സംഗമത്തിന് ഷാര്‍ജ വേദിയാകുന്നു
ജനുവരി 31നും ഫെബ്രുവരി ഒന്നിനുമാണ് പരിപാടി. ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക.
ഷാര്‍ജ | ഷാര്‍ജ സംരംഭകത്വ മേളയുടെ പുതിയ പതിപ്പിന് ഒരുക്കം അന്തിമഘട്ടത്തില്‍. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ബിസിനസ് ആശയങ്ങള്‍ പങ്കുവെക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മേളയില്‍ ആഗോളതലത്തിലെ പ്രമുഖ നിക്ഷേപകരും വിദഗ്ധരും അണിനിരക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി 31നും ഫെബ്രുവരി ഒന്നിനുമാണ് പരിപാടി. ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കാനുമുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
സാങ്കേതികവിദ്യ, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും. സംരംഭകത്വ യാത്രയില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും വിജയഗാഥകളെക്കുറിച്ചും അതിഥികള്‍ സംസാരിക്കും. ഷാര്‍ജയുടെ സാമ്പത്തിക വളര്‍ച്ചയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇത്തരം മേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ ബിസിനസ് അഭിരുചി വളര്‍ത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സെഷനുകള്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.



