International
തെക്കന്‍ ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി; 15 മരണം, നിരവധി ആളുകളെ കാണാതായി
219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ഒരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബോട്ട്. ശക്തമായ തിരമാലയില്‍ പെട്ട് മുങ്ങുകയായിരുന്നെന്നാണ് വിവരം. ഫിലിപ്പീന്‍ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 27 ജീവനക്കാരും ബാക്കി യാത്രക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
അലിസണ്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് ബോട്ട്. ബലൂക്-ബലൂക് ദ്വീപിന് 2.75 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ശക്തമായ തിരമാലയില്‍ ബോട്ടിന്റെ ഡെക്കില്‍ വെള്ളം കയറുകയായിരുന്നു. ഇതോടെ അധികൃതര്‍ക്ക് അപായ സന്ദേശം നല്‍കി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



