Connect with us

Uae

യു എ ഇയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 17,000 തൊഴില്‍ പരാതികള്‍

തൊഴിലിടങ്ങളിലെ തെറ്റായ പ്രവണതകളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് 4,000 റിപോര്‍ട്ടുകളും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി | യു എ ഇ തൊഴില്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം തൊഴിലാളികളില്‍ നിന്ന് 17,000 രഹസ്യ പരാതികള്‍ ലഭിച്ചതായി മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വെളിപ്പെടുത്തി. ഔദ്യോഗിക ചാനലുകള്‍ വഴി ലഭിച്ച ഈ പരാതികള്‍ക്ക് പുറമെ, തൊഴിലിടങ്ങളിലെ തെറ്റായ പ്രവണതകളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് 4,000 റിപോര്‍ട്ടുകളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ നിയമങ്ങളെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും തൊഴിലാളികള്‍ക്കിടയിലുള്ള അവബോധം വര്‍ധിച്ചതാണ് പരാതികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.

തൊഴിലിടങ്ങളിലെ 12 തരം നിയമലംഘനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം. വ്യാജ ഇമാറാത്തിവത്കരണം, സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കാതിരിക്കുക, ജോലിസ്ഥലത്തെ പീഡനങ്ങള്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അധിക സമയം ജോലി ചെയ്യിപ്പിക്കുക, വാര്‍ഷികാവധി നിഷേധിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, നിയമവിരുദ്ധമായ താമസം, ലേബര്‍ ക്യാമ്പുകളിലെ നിയമലംഘനങ്ങള്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, ഉച്ചവിശ്രമ നിയമം ലംഘിക്കുക, നിര്‍ബന്ധിത ജോലി, റിപോര്‍ട്ട് ചെയ്യാത്ത തൊഴിലപകടങ്ങള്‍ എന്നിവയും റിപോര്‍ട്ട് ചെയ്യാം.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരാതി ലഭിച്ചാല്‍ ആദ്യം അത് സൗഹൃദപരമായി പരിഹരിക്കാനാണ് മന്ത്രാലയം ശ്രമിക്കുക. എന്നാല്‍ 50,000 ദിര്‍ഹത്തിന് മുകളിലുള്ള തര്‍ക്കങ്ങളില്‍ രമ്യമായ പരിഹാരം സാധ്യമായില്ലെങ്കില്‍, മന്ത്രാലയത്തിന്റെ ശിപാര്‍ശ സഹിതം കേസ് കോടതിയിലേക്ക് കൈമാറും. സ്മാര്‍ട്ട് സംവിധാനങ്ങള്‍, നേരിട്ടുള്ള പരിശോധനകള്‍, പൊതുജനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മന്ത്രാലയം തൊഴില്‍ വിപണിയിലെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്.

 

Latest