Saudi Arabia
സഊദി അറേബ്യയുടെ കരുത്തിനും പുരോഗതിക്കും പിന്നില്‍ ഭരണനേതൃത്വത്തിന്റെ അര്‍പ്പണബോധം: ഗ്രാന്‍ഡ് മുഫ്തി
രാജ്യം ഇന്ന് അനുഭവിക്കുന്ന വളര്‍ച്ചയും ഐശ്വര്യവും സുസ്ഥിരതയും ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും ഭരണാധികാരികളുടെ കഠിനാധ്വാനത്തിന്റെയും ഫലമാണ്.
റിയാദ് | സഊദി അറേബ്യയെ ശക്തവും സമൃദ്ധവുമാക്കുന്നതില്‍ രാജ്യത്തിന്റെ ഭരണനേതൃത്വം കാണിക്കുന്ന അചഞ്ചലമായ പ്രതിബദ്ധതയെയും അര്‍പ്പണബോധത്തെയും സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ പ്രശംസിച്ചു. റിയാദില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സിന്റെ 98-ാമത് സെഷനില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് അനുഭവിക്കുന്ന വളര്‍ച്ചയും ഐശ്വര്യവും സുസ്ഥിരതയും ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും ഭരണാധികാരികളുടെ കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ മസ്ജിദുകളിലും മക്കയിലെയും മദീനയിലെയും തീര്‍ഥാടന കേന്ദ്രങ്ങളിലും ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സമാധാനപരമായും സുരക്ഷിതമായും ആരാധനകള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ ഭരണകൂടം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ശരീഅത്ത് അധിഷ്ഠിതമായ വിധികള്‍ പുറപ്പെടുവിക്കുന്നതിനും കൗണ്‍സിലിനെ ഭരണനേതൃത്വം ശാക്തീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റോയല്‍ കോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ നല്‍കിയ സുപ്രധാന വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി ശൈഖ് ഫഹദ് അല്‍ മജീദും വ്യക്തമാക്കി. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും പണ്ഡിതരും ഉള്‍പ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു.



