strong passport
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് യു എ ഇയുടേത്
മൊത്തം 110.5 സ്‌കോർ ആണ് ഇമാറാത്തി പാസ്‌പോർട്ട് നേടിയത്.

ദുബൈ | യു എ ഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ രേഖയായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ 35-ാം സ്ഥാനത്ത് നിന്ന് നേരിട്ട് ഒന്നാം സ്ഥാനത്തേക്ക് ആണ് യു എ ഇ പാസ്പോർട്ട് കുതിച്ചത്. കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ സൂചികയിലാണ് എമിറാത്തി പാസ്‌പോർട്ട് മുന്നേറ്റം നടത്തിയത്.
യു എ ഇ പാസ്‌പോർട്ട് നൽകുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും അസൂയാവഹമായ നികുതി സമ്പ്രദായവുമാണ് ഇതിന് പ്രധാന കാരണം. 199 രാജ്യങ്ങളുടെ നോമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോർട്ട് സൂചിക ലോകത്തിലെ ഏറ്റവും മികച്ച പൗരത്വങ്ങളെ എടുത്തുകാണിക്കുന്നു. വിസരഹിത യാത്രയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, അന്താരാഷ്ട്ര നികുതി നിയമങ്ങൾ, ആഗോള ധാരണ, ഇരട്ട പൗരത്വം, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് കമ്പനി പറഞ്ഞു.
മൊത്തം 110.5 സ്‌കോർ ആണ് ഇമാറാത്തി പാസ്‌പോർട്ട് നേടിയത്. ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, പോർച്ചുഗൽ, ജർമനി, ചെക്ക് റിപ്പബ്ലിക്, ന്യൂസിലാൻഡ്, നെതർലാൻഡ്സ്, സ്വീഡൻ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ. ഇന്ത്യക്ക് 159ാം സ്ഥാനമാണുള്ളത്.