Connect with us

Uae

വ്യക്തിഗത വായ്പകള്‍ക്ക് കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കി യു എ ഇ സെന്‍ട്രല്‍ ബേങ്ക് തീരുമാനം

നേരത്തെ മിക്ക ബേങ്കുകളിലും ഈ പരിധി 5,000 ദിര്‍ഹമായിരുന്നു. ഇനി മുതല്‍ ഓരോ ബേങ്കിനും അവരുടെ ആഭ്യന്തര നയങ്ങള്‍ക്കനുസരിച്ച് ശമ്പള പരിധി നിശ്ചയിക്കാം.

Published

|

Last Updated

അബൂദബി | പേഴ്‌സണല്‍ വായ്പകള്‍ക്ക് ഉണ്ടായിരുന്ന കുറഞ്ഞ ശമ്പള പരിധി നിബന്ധന സെന്‍ട്രല്‍ ബേങ്ക് നീക്കം ചെയ്തു. നേരത്തെ മിക്ക ബേങ്കുകളിലും ഈ പരിധി 5,000 ദിര്‍ഹമായിരുന്നു. ഇനി മുതല്‍ ഓരോ ബേങ്കിനും അവരുടെ ആഭ്യന്തര നയങ്ങള്‍ക്കനുസരിച്ച് ശമ്പള പരിധി നിശ്ചയിക്കാം. ഇതുവഴി, ‘ക്യാഷ് ഓണ്‍ ഡിമാന്‍ഡ്’ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ താഴ്ന്ന വരുമാനക്കാര്‍ക്കും കൂടുതല്‍ ലഭ്യമാകും.

വരും കാലയളവില്‍, യു എ ഇയിലെ എല്ലാ താമസക്കാര്‍ക്കും പ്രത്യേകിച്ച് യുവാക്കള്‍, കുറഞ്ഞ വരുമാനക്കാര്‍, തൊഴിലാളി വിഭാഗക്കാര്‍ എന്നിവര്‍ക്ക് ബേങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമെന്നും സെന്‍ട്രല്‍ ബേങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അക്കൗണ്ടുകള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റവുമായി (ഡബ്ല്യു പി എസ്) ബന്ധിപ്പിക്കും. അതുവഴി, പ്രതിമാസ ശമ്പളം കൈമാറിയ ഉടന്‍ തന്നെ വായ്പാ ഗഡുക്കള്‍ ബേങ്കുകള്‍ക്ക് നേരിട്ട് പിന്‍വലിക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും അവശ്യ ബേങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വിപുലീകരിക്കാനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലീഡേഴ്‌സ് സമ്മിറ്റിന്റെ ആദ്യ ദിനത്തിലാണ് പുതിയ പ്രഖ്യാപനം. സമ്മിറ്റില്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമ, യു എ ഇ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സ്ട്രാറ്റജി 2026-2030 പുറത്തിറക്കി. ലോക ബേങ്ക്, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, അറബ് മോണിറ്ററി ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെയാണ് ഈ തന്ത്രം വികസിപ്പിച്ചെടുത്തത്.

 

Latest