Connect with us

Ongoing News

മോഷ്ടിച്ച ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍

കൊട്ടാരക്കര മൈലം പുലമണ്‍ പാറക്കടവ് രഞ്ജു ഭവനം വീട്ടില്‍ രഞ്ജു പി കുഞ്ഞുമോന്‍(24), പള്ളിക്കല്‍ സ്വദേശി(17) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള ആക്രി വില്‍പ്പനക്കടയില്‍ എത്തിയ മോഷ്ടാക്കളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമണ്‍ പാറക്കടവ് രഞ്ജു ഭവനം വീട്ടില്‍ രഞ്ജു പി കുഞ്ഞുമോന്‍(24), പള്ളിക്കല്‍ സ്വദേശി(17) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനം വില്‍ക്കാന്‍ ചെന്നപ്പോള്‍, കടയുടെ ഉടമ വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമ ഇരുവരെയും തന്ത്രപൂര്‍വം അവിടെ നിര്‍ത്തിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ വില്‍ക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്‌കവര്‍ ബൈക്ക് പോലീസ് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തില്‍ കടയുടെ സമീപത്തുനിന്നും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തുകയും ചെയ്തു. പരിശോധനയില്‍ അതിന്റെ നമ്പര്‍ പ്ലേറ്റും വ്യാജമാണെന്ന് വ്യക്തമായി.

എന്‍ഫീല്‍ഡ് ബൈക്ക് കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഡിസ്‌കവര്‍ മോട്ടോര്‍ സൈക്കിള്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്നിട്ടുള്ള വാഹന മോഷണ കേസുകളില്‍ ഇവര്‍ക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. രാത്രിസമയം കറങ്ങി നടക്കുന്ന പ്രതികള്‍, മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകള്‍ തിരുത്തി ആക്രി കടകളില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് പതിവ്. ഇങ്ങനെ കിട്ടുന്ന പണം മദ്യപാനത്തിനും ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും, ഉപയോഗിച്ചു വരികയായിരുന്നു.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിപിന്‍ കുമാര്‍, അനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍ കുറുപ്പ്, എം നിസാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

 

Latest