Kerala
കോഴഞ്ചേരി സെന്റ് തോമസ് കോളജ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആന്റോ ആന്റണി എം പി
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
കോഴഞ്ചേരി | സെന്റ് തോമസ് കോളജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് 2026 ജനുവരി 23 മുതല്‍ അടച്ചുപൂട്ടാന്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചതിനെതിരെ പത്തനംതിട്ട ലോക്സഭാംഗം ആന്റോ ആന്റണി എം പി ശക്തമായി പ്രതിഷേധിച്ചു.
ഈ പോസ്റ്റ് ഓഫീസ് സെന്റ് തോമസ് കോളജിലെ ഏകദേശം 1500 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ എന്നിവരടക്കം സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ദിനംപ്രതി ആശ്രയിക്കുന്ന അത്യാവശ്യ സേവന കേന്ദ്രമാണ്.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും, സമീപ പ്രദേശങ്ങളില്‍ യോജിച്ച ബദല്‍ സൗകര്യം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് പൊതു താത്പര്യത്തിന് വിരുദ്ധമായ നടപടിയാണെന്നും ആന്റോ ആന്റണി പറഞ്ഞു. കോളജ് ക്യാമ്പസിനുള്ളിലെ പോസ്റ്റ് ഓഫീസ് സാമ്പത്തികനേട്ടം, സേവന ലഭ്യത, സമയബന്ധിത സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം അടിയന്തിരായി പിന്‍വലിച്ച് സേവനം തുടരണം എന്നാവശ്യപ്പെട്ട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നല്‍കിയതായി എം പി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലും അര്‍ധനഗര മേഖലകളിലുമുള്ള പൊതുസേവന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്ന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പോസ്റ്റല്‍ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.



