Connect with us

Kerala

ജാസ്ലിയയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി പ്രതി

പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം.

Published

|

Last Updated

കൊച്ചി| അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ, കാര്‍ ഓടിച്ച പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജി മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം.

ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടമുണ്ടാക്കി ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തതില്‍ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.

അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ഥിനിയാണ് ജാസ്ലിയ.
പഠനത്തോടൊപ്പം ചെയ്തിരുന്ന പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഫെബ്രുവരി 28ന് രാത്രി അപകടമുണ്ടായത്. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജാസ്ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്ലിയയുടെ അവയവങ്ങള്‍ നാലു പേര്‍ക്കാണ് പുതുജീവനേകിയത്.

---- facebook comment plugin here -----

Latest