Kerala
അധിക്ഷേപ കേസ്: എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഫെനി നൈനാന്‍
രാഹുലിനെതിരേയുള്ള കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലീസിന്റെ നടപടി തെറ്റാണെന്നും ഫെനി.
പത്തനംതിട്ട | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ അധിക്ഷേപം നടത്തിയെന്ന പേരില്‍ പത്തനംതിട്ട സൈബര്‍സെല്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെനി നൈനാന്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഫെനിയുടെ ആവശ്യം. രാഹുലിനെതിരേയുള്ള കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലീസിന്റെ നടപടി തെറ്റാണെന്നും ഫെനി പറയുന്നു.
രാഹുലിനെതിരേയുള്ള ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. രാഹുലുമായി പരാതിക്കാരി പിന്നെയും ബന്ധം തുടര്‍ന്നിരുന്നുവെന്നും ഇതു പറഞ്ഞതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും ഫെനി പറഞ്ഞു. രാഹുലിന്റെ അടുത്ത സുഹൃത്തും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമാണ് ഫെനി നൈനാന്‍.
അതിജീവിതയെ സംബന്ധിക്കുന്ന ചാറ്റുകള്‍ കഴിഞ്ഞദിവസം ഫെനി നൈനാന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് സൈബര്‍ പോലീസ് കേസെടുത്തത്.
ഫെനി നൈനാന്റെ പോസ്റ്റിനെതിരെ അതിജീവിത
പത്തനംതിട്ട | യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്തതും തലയും വാലുമില്ലാത്തതുമായ ചാറ്റുകള്‍ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്ത് ഫെനി നൈനാന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത. രാഹുലിനെതിരേയുള്ള മൂന്നാമത്തെ പരാതിക്കാരിയാണ് അതിജീവിത. ഇവരുടെ പരാതിയിലാണ് രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. രണ്ടുമാസം മുമ്പ് രാഹുലിനെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സാമൂഹികമാധ്യമത്തില്‍ കഴിഞ്ഞദിവസം ഫെനി പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളില്‍ പറഞ്ഞിരുന്നു. പാലക്കാട് എം എല്‍ എ ഓഫീസില്‍ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്‌ക്രീന്‍ ഷോട്ടുകളിലുണ്ടായിരുന്നു. ഇതിനോടാണ് യുവതി ശബ്ദസന്ദേശത്തിലൂടെ പ്രതികരിച്ചിട്ടുള്ളത്.
രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചതെന്ന് അതിജീവിത പറഞ്ഞു. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയാനാണ് നേരില്‍ കാണാന്‍ ഫെനിയോടു സമയം ചോദിച്ചത്. തനിക്ക് ഒപ്പം ഒരു സുഹൃത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. രാഹുലിന് ഒപ്പവും ആരെങ്കിലും ഉണ്ടാകണമെന്നും ഫെനി ആകുന്നതിനോടാണ് തനിക്കു താത്പര്യമെന്നും പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിച്ചത്.
താന്‍ പാലക്കാട്ടെത്തിയത് രാഹുലും സുഹൃത്തുക്കളും പറഞ്ഞിട്ടാണ്. പലതവണ വിളിച്ചിട്ടും രാഹുല്‍ ഫോണെടുത്തില്ല. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ ഫോണ്‍ എടുത്ത് പല സ്ഥലങ്ങളിലും കാത്തുനില്‍ക്കാന്‍ നിര്‍ദേശിച്ചെങ്കിലും രാഹുല്‍ എത്തിയില്ല. ഒരു ദിവസം മുഴുവന്‍ തന്നെ പാലക്കാട്ട് വട്ടം കറക്കുകയായിരുന്നു. തുടര്‍ന്നാണ് എല്ലാം തുറന്നുപറയാമെന്നു തീരുമാനിച്ചത്. ചാറ്റിന്റെ ചില ഭാഗങ്ങള്‍ മാത്രം ഫെനി പുറത്തുവിട്ടത് അപമാനിക്കാനാണ്. ഇതുകൊണ്ടൊന്നും താന്‍ പേടിക്കില്ല. ആദ്യം തന്നെ തന്റെ കാര്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ പല പെണ്‍കുട്ടികളും ഇപ്പോള്‍ രക്ഷപ്പെട്ടേനെയെന്നും അതിജീവിത പറയുന്നു.
2024 ജൂലൈയിലാണ് ഫെനിയെ പരിചയപ്പെടുന്നത്. 2025 നവംബര്‍ വരെ ഫെനിയുമായി സൗഹൃദമുണ്ടായിരുന്നു. 2024 മേയിലാണ് മിസ് കാരേജ് സംഭവിച്ചത്. മാനസികമായും ശാരീരികമായും തകര്‍ച്ച നേരിട്ട സമയമായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുന്ന സമയത്താണ് ഫെനി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ടിംഗില്‍ കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. കാര്യങ്ങള്‍ ഫെനിയോടു തുറന്നു പറഞ്ഞിട്ടുണ്ട്. ട്രോമ ബോണ്ടിലായിരുന്ന തന്നെ ഫെനി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ടെന്ന് ഫെനി പറഞ്ഞു. ഒരു സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ കാശില്ല എന്നുപോലും പറഞ്ഞു പണം വാങ്ങി. ഫെനിയോടു കാര്യങ്ങള്‍ പറഞ്ഞതറിഞ്ഞ രാഹുല്‍ തന്നെ പിന്നെയും അധിക്ഷേപിച്ചു. പുതിയ പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ചാറ്റ് പുറത്തുവിട്ടിരിക്കുന്നതെന്നും അതിജീവിത പറഞ്ഞു. ചാറ്റുകള്‍ പുറത്തുവിട്ട സംഭവത്തില്‍ ഫെനിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.




